തലശ്ശേരി: സർക്കാരും പോലീസും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് തെളിയിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. മുഖ്യമന്ത്രി നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞതാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ വിധിക്കു പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം; പ്രോസിക്യൂഷനും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് തെളിയിച്ചു. അന്നു തന്നെ മുഖ്യമന്ത്രി പറഞ്ഞതാണ്, പക്ഷെ പല കോണിൽ നിന്നും സംശയമുണ്ടായിരുന്നു. ഏതായാലും പ്രോസിക്യൂഷനും കേരള സർക്കാരും പോലീസും ഇരയ്ക്കൊപ്പമെന്ന് തെളിയിച്ചു. 

ഇരയോടൊപ്പമാണെന്ന സർക്കാരിന്റെ വാദവും പ്രോസിക്യൂഷന്റെ ഭാഗവും ശക്തമായിത്തന്നെ കോടതിയിൽ അവതരിപ്പിച്ചു. ദിവ്യയ്ക്ക് മുൻകൂർ ജാമ്യം കൊടുക്കാതിരിക്കേണ്ടത് എന്തടിസ്ഥാനത്തിലെന്ന് പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ ശക്തയിത്തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തുന്ന സംഘം ശരിയായ രീതിയിലാണ് നീങ്ങുന്നത്. ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. പോലീസിനെ സംബന്ധിച്ച് നിയമപരമായി അറസ്റ്റ് ചെയ്യാന നിലവിൽ തടസ്സമില്ല- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്.ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.