കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലെ റെക്കോഡുകളിൽ പഴയ സർവേ നമ്പറുമായി ബന്ധപ്പെട്ട തെറ്റ് തിരുത്തുന്നതിനുള്ള നടപടി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്. രണ്ടുദിവസത്തിനുള്ളിൽ ഇത്‌ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാകും.

To advertise here,

പോർട്ടലിൽ ഇതിനുള്ള ഓപ്‌ഷൻ വരുന്നതോടെ, റീസർവേയിലെ നമ്പറും പഴയ സർവേ നമ്പറും തമ്മിൽ വ്യത്യാസമുള്ള കേസുകളിൽ ഓൺലൈനായി പരിഹാരം സാധ്യമാകും.

‘എന്റെ ഭൂമി’ പോർട്ടൽ മുഖേനയുള്ള അപേക്ഷ, താലൂക്ക്‌ ഓഫീസിൽ പരിശോധിച്ചശേഷം തഹസിൽദാർ റിപ്പോർട്ടിങ്ങിനായി സർവേ വിഭാഗത്തിലേക്ക് അയയ്ക്കും. ഇതിനകം നൽകിയ എല്ലാ രേഖയും ഓൺലൈനായി സർവേയർക്ക് ലഭ്യമാകും. ആവശ്യമെങ്കിൽ സർവേയർ നേരിട്ട് സ്ഥലപരിശോധനയും നടത്തും.

ഹെഡ് സർവേയർവഴി നൽകുന്ന റിപ്പോർട്ട് തഹസിൽദാർ അംഗീകരിച്ച് വില്ലേജ്‌ ഓഫീസറുടെ ലോഗിനിലേക്ക് അയയ്ക്കും. വില്ലേജ് ഓഫീസർ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതോടെ തെറ്റ്‌ തിരുത്തപ്പെടും.

പേരുമാറ്റം, സബ്‌ഡിവിഷൻ സംബന്ധിച്ച തിരുത്തൽ, ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പരാതി എന്നിവയെല്ലാം ഓൺലൈനായി പരിഹരിക്കാം. പേരുമാറ്റത്തിനുള്ള അപേക്ഷകളാണ്‌ കൂടുതലും ലഭിക്കുന്നതെന്ന്‌ അധികൃതർ പറയുന്നു. തെറ്റുതിരുത്തൽ അപേക്ഷകളിൽ പരിഹാരംകാണാൻ ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ സർവേയർമാരെയും നിയോഗിച്ചിട്ടുണ്ട്‌.