കണ്ണൂർ: യു.ഡി.എഫ്. ഭരിക്കുന്ന സംസ്ഥാനത്തെ ഏക കോർപ്പറേഷനിൽ ഇനി മുസ്ലിം ലീഗിന്റെ മേയർ. കണ്ണൂർ കോർപ്പറേഷൻ മേയറായി ലീഗിലെ മുസ്ലിഹ് മഠത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ എൻ. സുകന്യയെ 18 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
സി.പി.എം. അംഗം എ. കുഞ്ഞമ്പുവിന്റെ ഒരു വോട്ടും മുസ്ലിഹ് മഠത്തിലിന് അധികം ലഭിച്ചു. യു.ഡി.എഫിന് 36 വോട്ടും എൽ.ഡി.എഫിന് 18 വോട്ടും ലഭിച്ചു. ബി.ജെ.പി.യുടെ ഏക അംഗം പി.കെ. ഷൈജു വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കളക്ടർ അരുൺ കെ. വിജയൻ വരണാധികാരിയായിരുന്നു.
മുസ്ലിം ലീഗ് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവും നീർച്ചാൽ വാർഡ് കൗൺസിലറുമാണ് മുസ്ലിഹ് മഠത്തിൽ. മുൻധാരണ പ്രകാരം കോൺഗ്രസിലെ ടി.ഒ. മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് നാൽപ്പത്താറുകാരനായ മുസ്ലിഹ് എത്തുന്നത്. കോൺഗ്രസിന് മൂന്നുവർഷവും ലീഗിന് രണ്ടുവർഷവും മേയർപദവി എന്നായിരുന്നു ധാരണ.
55 അംഗ കോർപ്പറേഷൻ കൗൺസിലിൽ യു.ഡി.എഫിന് 35 സീറ്റും (കോൺഗ്രസ്-21, ലീഗ്-14), ഇടതുമുന്നണിക്ക് 19 സീറ്റും (സി.പി.എം.-17, സി.പി.ഐ.-2) ആണ്. ബി.ജെ.പി.ക്ക് ഒരു സീറ്റ്.
പുറത്താക്കിയവരുടെ വോട്ടും യു.ഡി.എഫിന്
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിൽനിന്ന് പുറത്താക്കിയ രണ്ട് കൗൺസിലർമാരുടെ വോട്ടും യു.ഡി.എഫിന് ലഭിച്ചു. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ പി.കെ.രാഗേഷും 55-ാം വാർഡ് കൗൺസിലർ കെ.പി.അനിതയുമാണ് യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
മത്സരിച്ചതും വിജയിച്ചതും യു.ഡി.എഫിന്റെ ഭാഗമായിട്ടാണെന്നും അതുകൊണ്ടാണ് പുറത്താക്കിയിട്ടും യു.ഡി.എഫിന്റെ മേയർക്ക് വോട്ട് രേഖപ്പെടുത്തിയതെന്നും പി.കെ.രാഗേഷ് പറഞ്ഞു. ഡെപ്യൂട്ടി മേയർക്ക് വോട്ട് ചെയ്യണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിജ്ഞ
മുസ്ലിം ലീഗ് നേതാക്കളും യു.ഡി.എഫ്. പ്രവർത്തകരും തിങ്ങിനിറഞ്ഞ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ 12.10-ന് കണ്ണൂരിന്റെ അഞ്ചാമത് മേയറായി മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
അള്ളാഹുവിന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുൻ മേയർ ടി.ഒ.മോഹനനാണ് മുസ്ലിഹിന്റെ പേര് നിർദേശിച്ചത്. ഡെപ്യൂട്ടി മേയർ ഷബീന പിന്താങ്ങി. നീർച്ചാൽ വാർഡിൽനിന്ന് രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടത്. നീർച്ചാൽ സ്കൂളിന് സമീപത്തെ മഠത്തിൽ പുതിയപുരയിൽ മുഹമ്മദ് മുസ്ലിഹ് യൂത്ത് ലീഗിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്.
ജില്ലാ വൈസ് പ്രസിഡന്റും ഖജാൻജിയുമായിരുന്നു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയുമുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി, യു.ഡി.എഫ്. കൺവീനർ പി.ടി.മാത്യു, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, പി.എ.തങ്ങൾ, ടി.എ.താഹിർ, സി.സമീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേയറെ ആനയിച്ച് ആഹ്ലാദപ്രകടനവുമുണ്ടായി.
മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു
മേയർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് ഹാളിൽനിന്ന് പുറത്തിറങ്ങാൻ വരണാധികാരി കൂടിയായ കളക്ടർ നിർദേശം നൽകി. തിങ്കളാഴ്ച രാവിലെ 11-നാണ് വോട്ടിങ് നടപടിക്രമങ്ങൾ തുടങ്ങിയത്. ഒന്നാംവാർഡ് കൗൺസിലറും ഡി.സി.സി. പ്രസിഡന്റുമായ മാർട്ടിൻ ജോർജ് ആദ്യ വോട്ട് രേഖപ്പെടുത്തി. 55-ാം വാർഡ് കൗൺസിലർ കെ.പി.അനിത അവസാന വോട്ടറുമായി. 11.45-ഓടെ കളക്ടർ ഫലപ്രഖ്യാപനം നടത്തി.
സി.പി.എമ്മിനെ ഞെട്ടിച്ചു
മേയർ തിരഞ്ഞെടുപ്പിൽ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫിന് 19 വോട്ടാണ് ലഭിക്കേണ്ടത്. എന്നാൽ 18 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കൊക്കേൻപാറ മൂന്നാം ഡിവിഷനിലെ സി.പി.എം. കൗൺസിലർ എ.കുഞ്ഞമ്പു വോട്ടുമാറി മുസ്ലിഹ് മഠത്തിലിന് ചെയ്തതോടെയാണ് എൽ.ഡി.എഫിന് ഒരു വോട്ട് കുറഞ്ഞത്. ഇത് സി.പി.എം. കേന്ദ്രങ്ങളെ ഞെട്ടിച്ചു. യു.ഡി.എഫിന്റെ വികസനത്തിനുള്ള അംഗീകാരമാണിതെന്ന് മുൻ മേയർ ടി.ഒ.മോഹനൻ പ്രതികരിച്ചു. നിരവധി തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ച മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ സി.പി.എം. കൗൺസിലർ യു.ഡി.എഫിന് അനുകൂലമായി വോട്ട് മാറി ചെയ്തത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
ഡെപ്യൂട്ടി മേയർരാജിവെച്ചു
കണ്ണൂർ : കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന രാജിവെച്ചു. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് കൈമാറി. യു.ഡി.എഫിലെ ധാരണപ്രകാരമാണ് രാജിവെച്ചത്. കോൺഗ്രസിലെ പി. ഇന്ദിര ഡെപ്യൂട്ടി മേയറാകും.
യു.ഡി.എഫ്. ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. മേയറായി ചുമതലയേറ്റശേഷം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യമിടുന്നത് കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ച-മേയർ
യു.ഡി.എഫ്. ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. മേയറായി ചുമതലയേറ്റശേഷം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ പരിഗണന കണ്ണൂർ നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന് പ്രഥമ പരിഗണനയാണ് നൽകുക. ഇതിനായി ഡി.പി.ആർ. തയ്യാറാക്കി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. ടൂറിസം രംഗത്ത് കണ്ണൂരിന്റെ കണ്ണാക്കി നഗരത്തെ മാറ്റും. മാലിന്യ സംസ്കരണ രംഗത്ത് ഒട്ടേറെ മാതൃകാപരമായ പദ്ധതികളാണ് മൂന്നുവർഷം നടപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി കണ്ണൂരിനെ മാറ്റും. ഇതോടെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും.
പുതിയ പദ്ധതികൾ
കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുന്നതോടൊപ്പം പുതിയ പദ്ധതികൾ കൊണ്ടുവരും. കോർപ്പറേഷൻ സേവനങ്ങൾ അതിവേഗം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തും. ഇതിനായി ഓഫീസ് ഡിജിെറ്റെസേഷൻ ചെയ്യും.
കോർപ്പറേഷനെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കും.
ഉത്തരവാദിത്വത്തെഎങ്ങനെ കാണുന്നു
പുതിയ ചുമതല സത്യസന്ധമായും ആത്മാർഥമായും നിർവഹിക്കും. കൗൺസിലർമാരെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകും. വികസന പ്രവർത്തനങ്ങൾക്ക് പരിഗണന നൽകും. യു.ഡി.എഫിന്റെ നല്ല പിന്തുണയുണ്ട്. ക്രിയാത്മക വിമർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കും.
Content Highlights: Muslih Madathil of indian muslim league has been elected as Mayor of Kannur
Published: 23 Jan 2024, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented