
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് ഇടത് നേതാക്കൾ. ഗോവ ഗവർണർ ശ്രീധരൻ പിള്ള അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു ഇടത് നേതാക്കളുടെ വിമർശനം.
എല്ലാ മുസ്ലിം സംഘടനകളുടേയും പരിപാടിയിൽ താൻ പങ്കെടുക്കാറുണ്ടെന്നും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമാക്കിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും ശ്രീധരൻ പിള്ള പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ 130 കോടി ജനങ്ങളുള്ളപ്പോൾ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാമെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയിലെ മതങ്ങൾ വിശാല കാഴ്ചപ്പാട് പുലർത്തുന്നവരാണെന്നും അഭിപ്രായപ്പെട്ടു.
പിന്നീട് പ്രസംഗിച്ച സിപിഐ നേതാവ് ബിനോയി വിശ്വം, ശ്രീധരൻ പിള്ളയ്ക്കെതിരേ വിമർശനവുമായി രംഗത്തെത്തി. ഗോൾവാൾക്കറുടെ കാഴ്ചപ്പാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ആൾക്കൂട്ടത്തെ ബോധ്യപ്പെടുത്താനുള്ള വാചാലമായ പ്രഭാഷണയല്ല, നാം ആരാണെന്ന് മൂടിവെക്കാതെ എന്താണെന്ന് കാര്യം പറയാതെനടത്തുന്ന ഒരു പ്രസംഗവും ഇന്ത്യയുടെ സത്യങ്ങൾക്ക് മുമ്പിൽ പ്രകാശമുള്ള പ്രതിഫലനമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'രാഷ്ട്രത്തിന്റെ മതം, രാഷ്ട്രത്തിന്റെ ഭാഷ, രാഷ്ട്രത്തിന്റെ സംസ്കാരം, അത് അംഗീകരിച്ചുകൊണ്ട് ജീവിച്ചാൽ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം. അല്ലാത്തപക്ഷം വോട്ടവകാശം പോലും ഇല്ലാതെ വിദേശികളെ പോലെ അവർക്ക് വേണമെങ്കിൽ ഇവിടെ കഴിഞ്ഞുകൂടാം എന്നാണ് ഗുരുജി ഗോൾവാർക്കർ പറഞ്ഞത്. ഇവിടെ എന്താണ് നിലപാട്. ശ്രീധരൻ പിള്ള പറയുന്ന മധുരമുള്ള വാക്കുകൾക്ക് ഈ നിലപാടിന് മുമ്പിൽഎന്താണ് പ്രസക്തി എന്ന് വ്യക്തമാക്കണം', പി.എസ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.
ഇതിന് പിന്നാലെ, ആർ.എസ്.എസുമായിട്ടുള്ള സംവാദം കൊണ്ട് അവരുടെതനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്ന് ജോൺ ബ്രിട്ടാസ് എം.പി. ചോദിച്ചു.
'ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദിന്റെ നേതാക്കൾ വിചാരിക്കുന്നുണ്ടോ? ഉണ്ടോ, ഉണ്ടോ, ഉണ്ടോ? ഇല്ല. എന്താ ഉറക്കെ പറയാൻ ഒരു മടി പോലെ, പറയണം. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടണമെന്നൊന്നും ഞാൻ പറയില്ല. എന്നാൽ അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉൾക്കാൻ അവർ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങൾ ചോദിക്കണം. നിങ്ങൾ അവരെ ഉൾക്കൊള്ളുമ്പോൾ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നോക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാന് തയ്യാറുണ്ടോ? തയ്യാറില്ലെങ്കിൽ അത് അവരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള ആർജവവും തന്റേടവും നിങ്ങൾ സ്വായത്തമാക്കണം', പ്രേക്ഷകർ കൈയടിച്ചതോടെ ബ്രിട്ടാസ് തുടർന്നു, നിങ്ങളുടെ അണികളാണ് കൈയടിച്ചത് എന്ന് നേതാക്കളെ നോക്കി തിരുത്തി പറയുകയും ചെയ്തു.
Content Highlights: mujahid conference controversy john brittas binoy viswam sreedharan pillai
Published: 31 Dec 2022, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented