സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിന് മതമല്ല, പൗരോഹിത്യമാണ് തടസം നിൽക്കുന്നതെന്നും കെഎൻഎം മര്ക്കസ് ദഅവ പറഞ്ഞു

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ് വിഭാഗം രംഗത്ത്. സ്ത്രീകളെ വീടുകളിൽ തളച്ചിടാനാണ് കാന്തപുരം ശ്രമിക്കുന്നതെന്നും ഇത് അങ്ങേയറ്റം പിന്തിരിപ്പൻ നിലപാടാണെന്നും കെഎൻഎം മർക്കസ് ദഅവ സെക്രട്ടറി അബ്ദുൾ ലത്തീഫ് കരുമ്പിലാക്കൽ പറഞ്ഞു. സ്ത്രീകളെ വീടുകളിലോ അടുക്കളയിലോ തളച്ചിടാൻ ഇസ്‌ലാം ഒരിടത്തും പറയുന്നില്ല. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങി അവരുടെ കാര്യങ്ങൾ സ്വയം നിർവഹിക്കുന്നതിനോ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനോ മതം ഒരിക്കലും എതിരല്ലെന്നും പൗരോഹിത്യമാണ് പലപ്പോഴും ഇതിന് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകന്റെ കാലഘട്ടത്തിലെ ചരിത്രവസ്തുതകൾ നിരത്തിയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെ മർക്കസ് ദഅവ പ്രതിരോധിക്കുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജാ ബീവി അക്കാലത്ത് മക്കയിലെ ഏറ്റവും പ്രമുഖയായ വ്യാപാരിയായിരുന്നുവെന്നും അവർക്ക് യാതൊരുവിധ വിലക്കുകളും ഉണ്ടായിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പ്രവാചകന്റെ കാലത്ത് രാജ്യസംരക്ഷണത്തിന്റെ ഭാഗമായി നടന്ന പടയൊരുക്കങ്ങളിലും യുദ്ധങ്ങളിൽ പോലും സ്ത്രീകൾ തങ്ങളാൽ കഴിയുന്ന ധർമ്മങ്ങൾ നിർവഹിച്ചിട്ടുണ്ട്. അക്കാലത്ത് സാധ്യമാകുന്ന എല്ലാ സാമൂഹിക-സേവന പ്രവർത്തനങ്ങളിലും അവർക്ക് പൂർണ്ണമായ അനുമതി ഉണ്ടായിരുന്നുവെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
സ്ത്രീകളെ പിന്നോട്ട് വലിക്കാനും അടുക്കളയിൽ തളച്ചിടാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കേരളത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി നടക്കുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് കാന്തപുരത്തിന്റെ പുതിയ പ്രസ്താവനയെന്നും മർക്കസ് ദഅവ കുറ്റപ്പെടുത്തി. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ വലിയ രീതിയിൽ ശാക്തീകരിക്കപ്പെടുകയും വിദ്യാഭ്യാസം, ജോലി എന്നിവയിലൂടെ പുരുഷന്മാരേക്കാൾ മുന്നിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ബാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
സ്ത്രീകളുടെ പൊതുരംഗപ്രദേശത്തെ എക്കാലവും അനുകൂലിച്ച ചരിത്രമാണ് മുജാഹിദ് പ്രസ്ഥാനത്തിനുള്ളത്. എന്നാൽ അടുത്തകാലത്തായി മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ പോലും ഇത്തരം യാഥാസ്ഥിതിക നിലപാടുകളിലേക്ക് ഒരു പിറകോട്ടുപോക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ തങ്ങളുടെ പരമ്പരാഗതമായ പുരോഗമന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട്, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ സംഘടന. ഈ നിലപാടെടുത്ത ഏക മുജാഹിദ് സംഘടനയാണ് കെ.എൻ.എം മർക്കസ് ദഅവ എന്നതും ശ്രദ്ധേയമാണ്.
സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകുന്ന രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മുസ്‌ലിം ലീഗ് കാന്തപുരത്തിന്റെ ഈ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായി രംഗത്ത് വരുമെന്നാണ് സംഘടന പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധിയെ നിയമസഭയിലെത്തിച്ച പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. എന്നാൽ കഴിഞ്ഞദിവസം പാണക്കാട് സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന ലീഗ് നേതാക്കൾ കാന്തപുരത്തെ തള്ളാത്ത രീതിയിലുള്ള മൃദുസമീപനമാണ് സ്വീകരിച്ചത്. ലീഗിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്ത ഇത്തരം നിലപാടുകൾ തിരുത്തി വിഷയത്തിൽ ലീഗ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മർക്കസ് ദഅവ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കോഴിക്കോട് നടന്ന മർക്കസ് ദഅവയുടെ പരിപാടിയിൽ സദസ്സിലും വേദിയിലും സ്ത്രീകളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ഇത്തരത്തിൽ പ്രായോഗികമായി തള്ളിക്കൊണ്ടാണ് മർക്കസ് ദഅവ നിലപാട് വ്യക്തമാക്കുന്നത്.
Content Highlights: KNM Markazu Dawa secretary Abdul Latheef Karumbilakkal strongly criticized Kanthapuram A.P. Aboubacker Musliyar's remarks on women, stating Islam permits women's public participation and urged Muslim League leadership to reject such views.
Published: 02 Sept 2026, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented