കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമാണ് യുഡിഎഫിൻ്റെ മതനിരപേക്ഷ നിലപാടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് എൽഡിഎഫ് സർക്കാർ വിജ്ഞാപനമിറക്കി. കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സർക്കാർ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചോയെന്നും ഇത് വഞ്ചനാപരമാണെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരിനെയും നേതൃത്വത്തേയും വക്രീകരിച്ച് ചിത്രീകരിച്ച് എങ്ങനെയെങ്കിലും അധികാരത്തിൽ വരണമെന്നുള്ള കനഗോലു സിദ്ധാന്തമാണ് നടന്നുകൊണ്ടിരിക്കുന്നത്. അസംബന്ധം പ്രചരിപ്പിക്കുകയാണ്. ഒരു നുണ ആയിരം പേർ ഒരുപോലെയാണെന്ന് പ്രചരിപ്പിച്ച് അത് സത്യമാണെന്ന് വിശ്വസിപ്പിക്കുകയെന്ന ഹിറ്റ്‌ലറിന്റെ ഗീബൽസിന്റെ തന്ത്രം ഇന്ന് യുഡിഎഫിന്റെ കനഗോലുവിന്റെ തന്ത്രമായി മാറിയിരിക്കുകയാണ്. 2021 ൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് ഭരണഘടന സംരക്ഷിക്കാൻ, മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാരിനും നയിക്കുന്ന മുഖ്യമന്ത്രിക്കും സാധിച്ചു എന്നുള്ളതാണ്. ആ വിശ്വാസ്യതയെ തകർത്താൽ മാത്രമേ അധികാരത്തിലെത്തൂ എന്ന കാഴ്ചപ്പാടിൽ ബോധപൂർവമായ പ്രചാരണമാണ് നടക്കുന്നത്.’- റിയാസ് പറഞ്ഞു.

‘എൻപിആർ നടപ്പാക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ ഇന്ത്യയിൽ കേരളമല്ലാതെ എതാണുള്ളത്. പൗരത്വ രജിസ്റ്റർ ഭരണഘടനാ വിരുദ്ധമാണ്, അത് ഒരു പ്രത്യേക ജനവിഭാഗത്തെ ഇല്ലാതാക്കും എന്ന നിലപാട് മുഖ്യമന്ത്രി ശക്തമായി പറഞ്ഞുവെന്ന് മാത്രമല്ല അത് സർക്കാർ വിജ്ഞാപനമായി വന്നു. ഇവിടെ കർണാടകയുൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്ലേ. അവിടെ എന്തുകൊണ്ട് എൻപിആർ നടപ്പിലാക്കില്ല എന്ന വിജ്ഞാപനം പുറപ്പെടുവിക്കുന്നില്ല. ഈ കുപ്രചരണം നടത്തുന്ന യുഡിഎഫ് ഇതിന് മറുപടി പറയേണ്ടതാണ്.’

നേറ്റിവിറ്റി കാർഡ് കൊണ്ടുവരാനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൊണ്ടുവന്നത് ഭരണഘടന ജനങ്ങൾക്ക് നൽകുന്ന ഉറപ്പ് പാലിക്കപ്പെടാൻ കൂടിയാണ്. എന്താണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതില്ലാത്തത്? തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ ഇല്ലയോ എന്നതല്ല ഞങ്ങളെ സംബന്ധിച്ച് പ്രശ്‌നം. നിലപാടാണ്. മതനിരപേക്ഷത കാത്തുസംരക്ഷിക്കാൻ തലപോകും എന്ന് ഭയപ്പെടുത്തിയാലും പിറകോട്ടുപോകുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം. എന്നാൽ യുഡിഎഫിന്റേത് അങ്ങനെയല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായി മതനിരപേക്ഷതയുടെ സംരക്ഷണത്തിൽ നിലപാട് സ്വീകരിക്കുന്നത് വഞ്ചനാപരമായ സമീപനമാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.