
ആലപ്പുഴ: മൂന്നുസെന്റ് ചതുപ്പിലെ ഒറ്റമുറി വീട്. മേൽക്കൂരയില്ലാത്ത അടുക്കള. ഇവിടെയുള്ള അമ്മയ്ക്കും മകനും വീടിരിക്കുന്ന സ്ഥലത്തുനിന്നു പുറത്തിറങ്ങാൻ പെടാപ്പാടുപെടണം. ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥരെല്ലാം വേലികെട്ടിയതോടെയാണ് ഇവർക്ക് യാത്രാമാർഗമില്ലാതായത്. ഹരിപ്പാട് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡ് സച്ചുഭവനത്തിൽ സി. സുധ(48)യും മകൻ സച്ചു(24)വുമാണ് വേലികൾക്കിടയിൽ വീർപ്പുമുട്ടിക്കഴിയുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. വീടിനു സമീപത്ത് ഒരു കൈത്തോടുണ്ട്. ഇവിടെയുള്ള വേലിയുടെ കമ്പികൾക്കിടയിലൂടെ നൂണ്ടാണ് ഇവരിപ്പോൾ പുറത്തുകടക്കുന്നത്. വേനലായതിനാൽ തോട്ടിൽ വെള്ളമില്ല. സുധ വീട്ടുവേലചെയ്താണു കഴിയുന്നത്. സച്ചു എൻ.ടി.പി.സി.യിൽ താത്കാലിക സുരക്ഷാജീവനക്കാരനാണ്.
ഈ വീട്ടിലേക്കാരും ചെല്ലാറില്ല. വോട്ടു ചോദിക്കാനെത്തിയവർ വേലിക്കരികിലേക്ക് സുധയെ വിളിച്ചുവരുത്തിയാണ് വോട്ടുതേടിയത്. പോസ്റ്റ്‌മാൻ കത്ത് വീട്ടിലെത്തിക്കില്ല. ഫോണിൽ വിളിച്ചുവരുത്തി വഴിയിൽവെച്ചു കൈമാറും. വൈദ്യുതിബിൽ നൽകാൻ മീറ്റർ റീഡറും വരില്ല. ഏകദേശ ബിൽ തയ്യാറാക്കി ഫോണിൽ വിളിച്ചുപറയും. ഗ്യാസ് സിലിൻഡർ സമീപത്തെ പുരയിടത്തിൽ ഇട്ടിട്ട് വിതരണക്കാരനും വിവരം വിളിച്ചുപറയും.
ഒരുമാസം മുൻപ് രോഗംപിടിപെട്ട് സുധ അവശയായി. അമ്മയെ സച്ചു തുണിവിരിച്ച് നിലത്തുകിടത്തി വേലിക്കടിയിലൂടെ അപ്പുറത്തേക്കു വലിച്ചുകടത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മഴപെയ്താൽ ചുറ്റുമുള്ള പുരയിടങ്ങളിലെ വെള്ളം സുധയുടെ സ്ഥലത്തു നിറയും. ഒറ്റമഴയ്ക്ക് വീടു മുങ്ങും. പാമ്പുശല്യം വേറെ.
2003-ലാണ് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് 19,500 രൂപയ്ക്ക് മൂന്നുസെന്റ് സ്ഥലം വാങ്ങി നൽകിയത്. അന്നു നടവഴിയുണ്ടായിരുന്നു. പക്ഷേ, അത് ആധാരത്തിൽ ചേർത്തില്ല. വഴിക്കായി അവകാശവാദമുന്നയിച്ച് സുധ കേസുകൊടുത്തു. പക്ഷേ, വഴിയുണ്ടെന്നു സാക്ഷിപറയാൻ സമീപവാസികളാരും തയ്യാറായില്ല. കേസിൽ വിജയിച്ച വസ്തു ഉടമ മതിലുകെട്ടി. അതോടെ മറ്റു മൂന്നുവശങ്ങളിലൂടെ പോകാൻ സുധ വഴിതേടി. അപ്പോൾ അവരും വേലികെട്ടി.
പരാതിനൽകി മടുത്തെന്ന് സുധ
മുഖ്യമന്ത്രി, എം.എൽ.എ., കളക്ടർ, തഹസിൽദാർ, ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികൾ എന്നിവർക്കെല്ലാം 2006 മുതൽ പരാതിനൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുധ പറഞ്ഞു. അടുത്തിടെ പട്ടികജാതിവകുപ്പിൽനിന്ന് പ്രമോട്ടർ വന്ന് ഫോട്ടോയെടുത്തു കൊണ്ടുപോയി. ഒരു ഫലവുമുണ്ടായില്ല. ആത്മഹത്യചെയ്യണം എന്നുവരെ ചിന്തിച്ചിട്ടുണ്ടെന്ന് സുധ വേദനയോടെ പറഞ്ഞു.
വഴിയുണ്ടായിരുന്നു; പക്ഷേ, അടച്ചുകെട്ടി
സുധയ്ക്കു നൽകിയ സ്ഥലത്ത് നടവഴിയുണ്ടായിരുന്നു. പക്ഷേ, അതടച്ച് മതിൽകെട്ടി. വഴിയടച്ച ഒരു വീട്ടുകാരുമായി ചർച്ച നടത്തിവരുകയാണ്. ഫലമുണ്ടാകുമെന്നാണു പ്രതീക്ഷ – എ. സാജൻ, വാർഡംഗം, ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത്
Content Highlights: Sudha and her son Sachu are trapped in their 3-cent home due to blocked pathways. The family has been struggling for legal access since 2006 despite filing multiple complaints. Basic services like postal delivery and utility meter reading are inaccessible due to the lack of a path. Local ward member A. Sajan claims negotiations are underway to resolve the access issue. The family faces severe safety risks, including flooding and snake threats during monsoon seasons.
Published: 27 Apr 2026, 08:46 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented