തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായ ദിവസത്തെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്താനായില്ല. തമ്പാനൂര്‍ പോലീസ് ഈ കേസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. പോലീസും ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.

To advertise here,

സംഭവത്തിന്റെ നിര്‍ണായക തെളിവായിരുന്നു ഈ ദൃശ്യങ്ങള്‍. സച്ചിന്‍ദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കയറി ബഹളമുണ്ടാക്കിയെന്നാണ് ഡ്രൈവര്‍ യദുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ ബസിനുള്ളില്‍ എന്താണ് സംഭവിച്ചതെന്നു വ്യക്തത ലഭിക്കുമായിരുന്നു.

കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളുടെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് മെമ്മറി കാര്‍ഡ് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍, സംഭവം ഉണ്ടായതിനു പിന്നാലെ ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ബസില്‍നിന്ന് ആരോ ഊരിമാറ്റുകയായിരുന്നു. കെഎസ്ആര്‍സിടിയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. പോലീസ് പരാതിയായതോടെ മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയെയും സംരക്ഷിക്കാനാണ് മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയതെന്നായിരുന്നു ആരോപണം.

മൂന്ന് ക്യാമറകളാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയത് തന്നോടൊപ്പമുള്ള കണ്ടക്ടറാണെന്ന് ഡ്രൈവര്‍ യദുവും ആരോപിച്ചിരുന്നു.

അന്വേഷണത്തിന് കോടതിയുടെ അഞ്ച് നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: പ്രതികള്‍ പ്രമുഖരായതിനാല്‍ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്ന് തുടക്കംമുതല്‍ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് യദുവിന്റെ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സിഐക്ക് കോടതി അഞ്ചു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

സത്യസന്ധവും നേരായതുമായ അന്വേഷണം നടത്തണം. തെളിവുകള്‍ നഷ്ടപ്പെടുന്നതിനു മുന്‍പ് ശാസ്ത്രീയ തെളിവെടുപ്പ് നടത്തണം. കേസുമായി ബന്ധമുള്ള ഒരാളെയും മേയറും എംഎല്‍എയും അടക്കമുള്ള അഞ്ചു പ്രതികളും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. രേഖകളും ശാസ്ത്രീയ തെളിവുകളും നശിപ്പിക്കപ്പെടുന്നതിനു മുന്‍പോ മാറ്റംവരുത്തുന്നതിനു മുന്‍പോ കോടതിയില്‍ ഹാജരാക്കണം, പക്ഷപാതരഹിതവും നീതിയുക്തവുമായ അന്വേഷണം ആവണം. ഇവ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, കേസിലെ നാലു പ്രതികളെ ഒഴിവാക്കി കാര്‍ ഓടിച്ചിരുന്ന മേയറുടെ സഹോദരന്‍ അരവിന്ദിനെതിരേ ഗതാഗതതടസ്സം ഉണ്ടാക്കിയതിനു മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഈ കുറ്റപത്രം തള്ളണമെന്ന പരാതിക്കാരന്‍ യദുവിന്റെ പരാതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ഈയാഴ്ച പരിഗണിക്കും.