മലപ്പുറം: ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന് എ.വി. മുകേഷി(34)ന്റെ സംസ്കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചെട്ടിപ്പടിയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം ബുധനാഴ്ച രാത്രി വീട്ടിലെത്തിച്ചു. മലമ്പുഴ കൊട്ടേക്കാട് വേനോലി എളമ്പരക്കാടിന് സമീപത്തെ ജനവാസമേഖലയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മുകേഷിന് പരിക്കേല്‍ക്കുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജോലിചെയ്തയിടങ്ങളിലെല്ലാം, മുകേഷ് പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തിയിരുന്നു. പാലക്കാട്ടെ പ്രധാന പ്രശ്നങ്ങളിലൊന്നായ ജനവാസമേഖലയിലെ കാട്ടാനശല്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പരിക്കേറ്റാണ് എ.വി. മുകേഷ് മരിച്ചത്.
കൃഷിയിടത്തില്‍ പുലര്‍ച്ചെ കാട്ടാനയിറങ്ങിയെന്ന് നാട്ടുകാരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാതൃഭൂമി ന്യൂസ് സംഘം ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയത്. കാട്ടാനകള്‍ കോരയാര്‍ കടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആന അതിവേഗം ഓടിയെത്തിയതോടെ സംഘം ചിതറിയോടി.
സംഘാംഗങ്ങള്‍ പിന്നീട് തിരഞ്ഞെത്തിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ നിലയില്‍ മുകേഷിനെ കണ്ടെത്തിയത്. ഇടുപ്പിനും തുടയ്ക്കും ഗുരുതര പരിക്കേറ്റ മുകേഷിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീര്‍ഘകാലം മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ച മുകേഷ് ഒരുവര്‍ഷം മുമ്പാണ് പാലക്കാട്ടെത്തിയത്. മാതൃഭൂമി ഓണ്‍ലൈനില്‍ 'അതിജീവനം' എന്ന പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 108 ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യാവിഷനിലും ജോലി നോക്കിയിരുന്നു.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താന്വീട്ടില് പരേതനായ ഉണ്ണിയുടെയും എ. ദേവിയുടെയും മകനാണ്. ഭാര്യ: ടിഷമോള്‍. സഹോദരി: ഹരിത.
മുകേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, എം.ബി. രാജേഷ്, സജി ചെറിയാന്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് തുടങ്ങിയവര്‍ അനുശോചിച്ചു.
Content Highlights: mathrubhumi news senior cameraman av mukesh cremation
Published: 09 May 2024, 07:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented