കോട്ടയം: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടനയെ ഓര്‍മിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന ഉറപ്പാണെന്നും എന്നാൽ, ഇത് ധ്വംസിക്കപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും സഭാധ്യക്ഷന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

To advertise here,

ഭരണഘടനയിലെ 25, 26 അനുച്ഛേദത്തിൽ പറയുന്നത് ഇന്ത്യയിലെ ഏതൊരു പൗരനും ഏത് മതത്തിലും വിശ്വസിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും മതം പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നാണ്. എന്നാല്‍, അത് ധ്വംസിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന അനേകം സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് ആര്‍ഷഭാരതത്തിനാകെ അപമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആര്‍ഷഭാരത വീക്ഷണം വിനയത്തിലും സമഭാവനയിലും മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്. അതാണ് ലോകം മുഴുവന്‍ ഭാരതത്തെ കുറിച്ച് പഠിച്ചിരിക്കുന്നത്. 

എന്നാല്‍ ഇവിടെ മതഭൂരിപക്ഷം മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും അത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. 79 വര്‍ഷമായിട്ടും സ്വാതന്ത്ര്യം, അത് ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒരു അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.