മരട്(കൊച്ചി): കുണ്ടന്നൂർ-തേവര പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയെ പോലീസുകാരും വർക്ക്‌ഷോപ്പ് ജീവനക്കാരും ചേർന്ന് രക്ഷിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

To advertise here,

പാലക്കാട് കൊപ്പം സ്വദേശിനിയായ വൈറ്റിലയിൽ താമസിക്കുന്ന യുവതിയാണ് കായലിൽ ചാടിയത്. പാലത്തിൽനിന്ന് വലിയ ശബ്ദത്തിൽ എന്തോ താഴേക്ക് വീഴുന്നത് ഈ സമയം സമീപത്തുണ്ടായിരുന്ന പോലീസുകാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ദിലീപ് കുമാർ, എസ് സിപിഒ കെ.പി. അജയ്, ഡ്രൈവർ എഎസ്‌ഐ ഹാരിസ് മൊയ്തീൻ എന്നിവർ നോക്കിയപ്പോഴാണ് ഒരുസ്ത്രീ കായലിൽ ചാടിയതാണെന്ന് മനസിലായത്.

ഉടൻതന്നെ കെ. പി. അജയും എസ്‌ഐ ദിലീപും ചേർന്ന് സമീപത്തുണ്ടായിരുന്ന ഒരു വള്ളത്തിൽ കയറി തുഴഞ്ഞ് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന യുവതിക്ക് സമീപം എത്തിയെങ്കിലും യുവതിയെ വള്ളത്തിൽ കയറ്റാൻ സാധിച്ചില്ല. ഈസമയം സംഭവം കണ്ടെത്തിയ സമീപത്തെ മാത ലീഫ് വർക്ക്‌സിലെ ജീവനക്കാരായ മരട് സ്വദേശി ജോളിയും പനങ്ങാട് സ്വദേശി ജിജോയും കായലിലേക്ക് ചാടി. ഇരുവരും നീന്തിയെത്തി യുവതിയെ പൊക്കിപിടിച്ച് പോലീസുകാരുടെ വള്ളത്തിൽ കരയ്‌ക്കെത്തിക്കുകയായിരുന്നു.

പ്രാഥമികശുശ്രൂഷ നൽകിയശേഷം യുവതിയെ പോലീസ് ജീപ്പിൽത്തന്നെ മരടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)