മഞ്ചേരി: വള്ളുവമ്പ്രത്തെ യൂസ്ഡ് കാർ ഷോറൂമിൽനിന്ന് ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞ പ്രതികൾ മഞ്ചേരി പോലീസിന്റെ പിടിയിലായി. കേസിലെ രണ്ടാം പ്രതി തിരൂരങ്ങാടി ചുള്ളിപ്പാറ ഭഗവതിക്കാവുങ്ങൽ മൊയ്തീൻ (36), മൂന്നാംപ്രതി കണ്ണമംഗലം പടപ്പറമ്പ് പിലാക്കടവത്ത് സൽമാനുൽ ഫാരിസ് (28) എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. യൂസ്ഡ് കാർ വാങ്ങാനായി വള്ളുവമ്പ്രത്തെ ഷോറൂമിലെത്തിയ പ്രതികൾ 18 ലക്ഷം രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ തിരഞ്ഞെടുത്തു.

ഒടുവിൽ ടെസ്റ്റ് ഡ്രൈവിനായി വണ്ടി കൊണ്ടുപോയി. ഷോറൂമിൽനിന്നുള്ള ആളെ പാതിവഴിയിൽ ഇറക്കിവിട്ടശേഷം പ്രതികൾ കാറുമായി കടന്നുകളയുകയായിരുന്നു. ഉടമയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽവെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർ കൊണ്ടുപോയ കാറും പോലീസ് കണ്ടെത്തി. മോഷണക്കുറ്റം ചുമത്തിയ പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.