പത്തനംതിട്ട: പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ തള്ളുമെന്ന് കരുതുന്നതായി സി.ഐ.ടി.യു. സംസ്ഥാന സമിതി അംഗവും നവീന്‍ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന്‍. ദിവ്യക്ക് കേരളത്തെപ്പോലെ ഒരിടത്ത് എവിടെയും ഒളിച്ചിരിക്കാമെന്നും ഒളിവില്‍ പോയ നടൻ സിദ്ദിഖിനെ പിടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

To advertise here,

ദിവ്യക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതുന്നത്. പ്രോസിക്യൂഷന്‍ നല്ല നിലപാട് സ്വീകരിച്ചിട്ടുണ്ട്. പി.പി. ദിവ്യയെ പോലെ ഒരാള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഈ കേരളത്തില്‍ എവിടെയാണ് സ്ഥലമില്ലാത്തത്? സിദ്ദിഖിനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. കേരളത്തില്‍ ഇവരെ ഒളിച്ച് താമസിപ്പിക്കാന്‍ ഒരുപാടാളുകളുണ്ട്. പാര്‍ട്ടി സംരക്ഷിക്കുമെന്ന് കരുതുന്നില്ല.

കൃത്യമായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ബിനാമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ പറയാം. ഒരു ചില്ലിക്കാശ് നവീന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ആരെങ്കിലും ബോധ്യപ്പെടുത്താന്‍ തയ്യാറായാല്‍ 43 വര്‍ഷത്തെ പൊതുജീവിതം അവസാനിപ്പിക്കും. വെല്ലുവിളിച്ചാണ് ഇത് പറയുന്നതെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.