മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ ഭീഷണി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യു.എ.റസാഖിൻ്റേതാണ് ഭീഷണി. ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്.

To advertise here,

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച്   യൂത്ത് ലീ​ഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജനകീയ പോസ്റ്റ്മോർട്ടം എന്ന പേരിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചിരുന്നു. രാവിലെ ഒൻപതുമുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു പ്രതിഷേധം. ഈ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യു.എ.റസാഖ് ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയത്.

ഡോക്ടർ രാജ് നടത്താനാണ് തിരൂരങ്ങാടിയിലെ ചില തെമ്മാടികളായ ഡോക്ടർമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് റസാഖ് പ്രസം​ഗത്തിനിടെ പറഞ്ഞു. ആശുപത്രിൽവെച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ. വേണ്ടിവന്നാൽ അത്തരം ആളുകളെ വഴിയിലിട്ട് കൈകാര്യം ചെയ്യും. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.  പരിധിക്കപ്പുറമുള്ള പെരുമാറ്റവുമായി ഡോക്ടർമാർ വന്നാൽ അവരെ കൈകാര്യംചെയ്യുകതന്നെ ചെയ്യും.

അതിന്റെ പേരിൽ ജയിലിലാകേണ്ടിവന്നാൽപ്പോലും അത് അഭിമാനത്തോടെ ഏറ്റെടുക്കാൻ തയ്യാറാണ്. ഡോക്ടര്‍മാര്‍ തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് തീരുമാനം. അത് ഇനി കേസല്ല. അതിനപ്പുറം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും യു.എ.റസാഖ് പറഞ്ഞു.