
ചേർത്തല (ആലപ്പുഴ): ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റത്തിനും ഓഫീസിലെത്തുന്നവരുടെ അസൗകര്യം അകറ്റാനുമായി ലോട്ടറി ഓഫീസിനുമുന്നിൽ ഏജന്റിന്റെ ‘ഹോമപ്രകടനം’. പോറ്റിക്കവലയിലെ ലോട്ടറി ഏജന്റ് ജോഷാണ് ചൊവ്വാഴ്ച രാവിലെ ചേർത്തല അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ പൂജാരീവേഷത്തിൽ ‘ഹോമം’ നടത്തിയത്.
ഏജന്റിന്റെ വഴിവിട്ട നീക്കത്തിനു കൂട്ടുനിൽക്കാത്തതിനാലാണ് ഈ നാടകമെന്നു കാട്ടി ഏജൻസി റദ്ദാക്കാൻ അധികൃതരും നടപടി തുടങ്ങി.
ചേർത്തല ലോട്ടറി ഓഫീസിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ ഏജന്റുമാരെ വലയ്ക്കുകയാണെന്ന് ‘ഹോമം’ നടത്തിയ ഏജന്റ് ആരോപിച്ചു. മനുഷ്യത്വരഹിത പെരുമാറ്റത്തൽ മനംമടുത്താണ് ‘ഹോമം’ നടത്തിയത്. അങ്ങനെയെങ്കിലും അവരുടെ മനസ്സു മാറട്ടെയെന്നു കരുതിയെന്നും ഏജന്റ് പറയുന്നു.
എന്നാൽ, ഏജൻസി ക്വാട്ട കഴിഞ്ഞ് മിച്ചംവരുന്ന ടിക്കറ്റിന്റെ തുക ജീവനക്കാരുടെ അക്കൗണ്ടു വഴി നൽകുന്ന വഴിവിട്ട നീക്കത്തിനു തടയിട്ടതാണ് പ്രതിഷേധത്തിനു കാരണമെന്ന് അസിസ്റ്റന്റ് ലോട്ടറി ഓഫീസർ ബെൻസി ജോസഫ് പറഞ്ഞു. ഏജന്റുമാർക്കു വേണ്ട സൗകര്യമൊരുക്കി സുതാര്യമായാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നിയമവിരുദ്ധ നടപടിക്കു കൂട്ടുനിൽക്കാത്തതാണ് ഏജന്റിന്റെ പ്രകോപനത്തിനു കാരണം. മതനിന്ദ നടത്തിയെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇയാളുടെ ഏജൻസി റദ്ദാക്കാൻ ഡയറക്ടർക്ക് റിപ്പോർട്ടു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചത്തെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപ ചേർത്തല മുനിസിപ്പൽ സ്റ്റാൻഡിലെ നികർത്തിൽ ഏജൻസി വിറ്റ ടിക്കറ്റിനാണ് ചൊവ്വാഴ്ച സമ്മാനം കിട്ടിയത്. ഉടമയെ കണ്ടെത്തിയിട്ടില്ല.
Content Highlights: lottery agent conducts homam infront of lottery office
Published: 28 Jan 2026, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented