കൊച്ചി: തന്റെ ആത്മകഥയായ 'കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ' എന്ന പുസ്തകത്തെ ചൊല്ലി വിവാദങ്ങൾ പുകയുന്നതിനിടെ വിശദീകരണവുമായി കെ.വി. തോമസ്. തനിക്ക് ബോധ്യമുള്ള സത്യങ്ങളാണ് പുസ്തകത്തിൽ ഉള്ളതെന്നും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ.വി. തോമസ് പറഞ്ഞു. പുസ്തകത്തിനെതിരായ പത്മജാ വേണുഗോപാലിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

To advertise here,

‘2001-ൽ പത്മജയെ സ്ഥാനാർഥിയാക്കാൻ കെ. കരുണാകരൻ ആഗ്രഹിച്ചിരുന്നു, അദ്ദേഹം ഇക്കാര്യം നേരിട്ട് അവരോട് സംസാരിക്കുന്നതിന് പകരം തന്നെയാണ് ഏൽപിച്ചത്. പത്മജ കുടുംബിനിയായി കഴിയുകയല്ലേ, അവരെ എന്തിനാണ് പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നായിരുന്നു സോണിയയുടെ മറുപടി, എന്നാണ് തോമസ് തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.

മാത്രമല്ല, 2001-ൽ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും സോണിയാ ഗാന്ധിക്ക് യോജിപ്പുണ്ടായിരുന്നില്ല. യുഡിഎഫ് സർക്കാരിന്റെ സുഗമമായ മുന്നോട്ടുപോക്കിനുവേണ്ടി അവരത് സമ്മതിക്കുകയായിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു.

ഇതിനെതിരെയാണ് പത്മജ വേണുഗോപാൽ മുന്നോട്ടുവന്നത്. ഈ സാഹചര്യത്തിൽ, പുസ്തകത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കില്ല എന്ന് പറയുകയാണ് കെ.വി. തോമസ്.

'ചെറുപ്പംമുതൽ ഡയറി എഴുതുന്ന ആളാണ് ഞാൻ, അവ നോക്കിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ലീഡറോടും കുടുംബത്തോടും വലിയ കടപ്പാടുണ്ട്. പത്മജയേയോ മുരളീധരനേയോ വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടില്ല. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഡയറിക്കുറിപ്പിലെ കാര്യങ്ങളാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് അതുകൊണ്ടുതന്നെ ആരോടും ഒന്നിനും മറുപടി പറയാനില്ല. അതിൽ സത്യമുണ്ടോ ഇല്ലയോ എന്ന് ജനം തീരുമാനിക്കട്ടെ.' അദ്ദേഹം പറഞ്ഞു.