കുറ്റിപ്പുറം: മഴയിൽ നനഞ്ഞ ആറുവരിപ്പാതയിൽ, നിയന്ത്രണംവിട്ട് തെന്നിയോടിയ സ്വകാര്യബസ് ഡിവൈഡറിൽത്തട്ടി തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപമുണ്ടായ അപകടത്തിൽ കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) ആണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. തെന്നിനീങ്ങവേ ഡിവൈഡറിൽത്തട്ടി അതിനുമുകളിലേക്കുതന്നെ മറിഞ്ഞ ബസ് രണ്ടായിപ്പിളരുകയായിരുന്നു.
അപകടത്തിൽ സീറ്റിനും കമ്പിക്കുമിടയിൽക്കുടുങ്ങിയ ഒരു യാത്രക്കാരനെ അഗ്നിരക്ഷാസേന അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനുശേഷമാണ് രക്ഷിച്ചത്.
കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഡിഫൻഡർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 66-ൽ അത്താണി ബസാർ ഭാഗത്തുനിന്നുള്ള സർവീസ് റോഡ് അവസാനിക്കുന്നതിന്റെ 20 മീറ്ററോളം അകലെവെച്ചാണ് ബസ് നിയന്ത്രണംവിട്ടത്. തുടർന്നാണ് നിരങ്ങിനീങ്ങി റോഡിന്റെ ഇടതുഭാഗത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.
ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും കുറ്റിപ്പുറം പോലീസും ചേർന്നാണ് ബസ്സിനകത്തുനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറത്തെ ഹീൽഫോർട്ട്, അമാന, കോട്ടയ്ക്കൽ മിംസ്, എടപ്പാൾ ഹോസ്പിറ്റൽ, തൃശ്ശൂർ കുന്നംകുളം ദയ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ ആദ്യമെത്തിച്ചത്.
മരിച്ച വൈഷ്ണവ് ബസ്സിന്റെ വലതുഭാഗത്തെ സീറ്റിലായിരുന്നു. കോൺക്രീറ്റ് ഡിവൈഡറിലുണ്ടായിരുന്ന തെരുവുവിളക്കിന്റെ ഇരുമ്പ് തൂണിന്റെ അടിഭാഗത്ത് ശക്തമായി ഇടിച്ച് വൈഷ്ണവിന്റെ തലയും മുഖവും പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു.
വളാഞ്ചേരി പുറമണ്ണൂർ സ്വദേശി, ബെംഗളൂരുവിൽ താമസിക്കുന്ന കലയത്ത് പ്രേംദാസ് (63) ആണ് സീറ്റിനും കമ്പിക്കുമിടയിൽ കുടുങ്ങിയത്. ഇദ്ദേഹം പരിക്കുകളോടെ കുറ്റിപ്പുറത്തെ ഹീൽഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. വളാഞ്ചേരിയിൽനിന്ന് ഭാര്യയ്ക്കും മകൾക്കുമൊപ്പം കുറ്റിപ്പുറത്തേക്ക് വരികയായിരുന്നു പ്രേംദാസ്. ഇവർക്കും പരിക്കേറ്റു.
ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമടക്കം പലർക്കും ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടർ തൃശ്ശൂർ തണ്ടിലം പുത്തൻവീട്ടിൽ ബാലന്റെ മകൻ നിമോദ് (43), ഡ്രൈവർ ചങ്ങരംകുളം കാളച്ചാൽ വടക്കേക്കര ഷെബീർ (38) എന്നിവർ തൃശ്ശൂർ കുന്നംകുളം ദയ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ കാര്യമായ മുറിവുള്ള കണ്ടക്ടർ നിമോദിന് രക്തസ്രാവമുണ്ട്. കഴുത്തിനും പരിക്കുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു.
വൈഷ്ണവിന്റെ അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: വിലാസിനി. സഹോദരൻ: വൈശാഖ് (തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ)
രണ്ടായി ഒടിഞ്ഞ് ബസ്
മറികടക്കാൻ വേറെ വാഹനമൊന്നും മുൻപിലുണ്ടായിരുന്നില്ല. എന്നിട്ടും ബസ് ഓടിവന്നു തെന്നിവീണു അപകടത്തിലേക്ക്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറി.
ശേഷം വൈദ്യുതവിളക്കിന്റെ തൂണിൽ ഇടിച്ചു.
അതോടെ മറിഞ്ഞ് രണ്ടായി ഒടിഞ്ഞു. ബസ്സിന്റെ ഷാസിയും ബോഡിയും രണ്ടായി.
ദേശീയപാത-66 ആറുവരിപ്പാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപമുണ്ടായ അപകടത്തിന്റെ തീവ്രത കാണിക്കുന്ന ദൃശ്യങ്ങളും രക്ഷകരായി ഓടിയെത്തിയ നാട്ടുകാരും വിളിച്ചുപറയുന്നത് ബസ്സിന്റെ വേഗമാണ് അപകടത്തിനുകാരണമെന്നാണ്. ശക്തമായി പെയ്ത മഴയും വില്ലനായി. നനഞ്ഞുകിടന്ന റോഡിൽ ബസ് നിയന്ത്രണംവിട്ടു മറിയാൻ എടുത്തത് സെക്കൻഡുകൾമാത്രം.
മഴപെയ്തിരുന്നതിനാൽ ബസ്സിന്റെ ഗ്ലാസിലൂടെ റോഡിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞില്ലെന്നും അപകടത്തിനു തൊട്ടുമുൻപ് വേഗംകാരണം ബസ്സാകെ വിറയ്ക്കുകയായിരുന്നെന്നും പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ പറയുന്നു.
ഗ്ലാസിനുള്ളിലൂടെയാണ് ആദ്യം ആളുകളെ പുറത്തെടുത്തത്.
ഞായറാഴ്‌ചയായതിനാൽ സർവീസ് റോഡിലും ദേശീയ പാതയിലും വാഹനത്തിരക്ക് കുറവായത് ആശ്വാസമായി.
ബസ്സിന് ബാലൻസ് നഷ്ടപ്പെട്ടു
വളാഞ്ചേരിയിൽനിന്ന് എടപ്പാളിലേക്ക്് ടിക്കറ്റെടുത്തതായിരുന്നു ഫാത്തിമ നൗറിയും സഹോദരി ഷഫ്‌നയും. മുന്നിലെ സീറ്റിലിരുന്ന രണ്ടുപേരും അപകടമുണ്ടായപ്പോൾ ഗ്ലാസ് തകർന്ന് റോഡിലേക്കു തെറിച്ചുവീണു. നൗറി കണ്ണുതുറന്നപ്പോൾ കണ്ടത് സാരമായി പരിക്കേറ്റ ഒരു കുട്ടിയെയാണ്. കുട്ടിയെ എടുത്ത് അടുത്തുനിന്ന ഒരാളെ ഏൽപ്പിച്ചു. പിന്നെയാണ് ചോരയിൽക്കുളിച്ചുകിടക്കുന്ന സഹോദരിയെ കണ്ടത്. അപ്പോഴേക്കും രക്ഷാപ്രവർത്തനത്തിന് ഒരുപാടുപേർ ഓടിക്കൂടി. ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ ഒതുക്കി ആളുകൾ ഓടിയെത്തി. ആംബുലൻസുകൾ എത്തുന്നതിനുമുൻപേ വന്ന വാഹനത്തിൽ കയറ്റി കുറ്റിപ്പുറം അമാന ആശുപത്രിയിലെത്തിക്കുകയായിരുന്നു. കനത്ത മഴയും ബസിന്റെ അമിതവേഗവുമാണ് അപകടത്തിനു കാരണമായതെന്ന് നൗറി പറഞ്ഞു.
അപകടത്തിന് തൊട്ടുമുൻപ് ബാലൻസ് ഇല്ലാതെയാണ് ബസ് പോകുന്നതെന്നു മനസ്സിലായെന്നും പിന്നെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതുമാത്രമേ ഓർമ്മയുള്ളൂവെന്നും സഹോദരി ഷഫ്‌ന പറഞ്ഞു.
'ഞൊടിയിട ഒരുലച്ചിൽ, നിലവിളികൾ,
'ഞൊടിയിട ബസ്സൊന്നുലഞ്ഞു, ഉടനെ അതു മറിയുന്നതും നിലവിളികളുയരുന്നതും കേട്ടു. ബോധമുണർന്നപ്പോൾ ഞാനിതാ ഇവിടെ ആശുപത്രിയിലാ...', കുറ്റിപ്പുറത്തെ ബസ്സപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട പാലക്കാട് നെന്മാറ പടിഞ്ഞാമുറിയിലെ കടമ്പിഴി സന്തോഷിന് (48) ആ രംഗത്തെക്കുറിച്ച് പറയാൻ ഇത്രയേയുള്ളൂ...ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ ബസ്സിൽ ഇടിയുടെ ആഘാതത്താൽ ഉടനെ ബോധംപോയതിനാൽ മറ്റൊന്നും സന്തോഷിന് അറിയാനായില്ല.
ഇത്രയും പറഞ്ഞതുതന്നെ വാക്കുകൾ മുറിഞ്ഞുമുറിഞ്ഞാണ്.
ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സന്തോഷിന് കഴുത്തിനുതാഴെയും നട്ടെല്ലിനും പരിക്കുണ്ട്. കഴുത്തിൽ ബെൽറ്റിട്ടിട്ടുമുണ്ട്. അധികം സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ ആകാത്ത അവസ്ഥയാണ്.
കോട്ടയ്ക്കലിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ഡ്രൈവറായ സന്തോഷ് ഞായറാഴ്‌ച അവധിദിനമായതിനാൽ വീട്ടിലേക്കുപോകാനാണ് ബസ്സിൽ കയറിയത്. ഡ്രൈവറുടെ സീറ്റിനു പിൻഭാഗത്തായി വശത്തെ സീറ്റിലാണ് ഇരുന്നത്. ചെവിയുടെ ഭാഗത്തും മൂക്കിനോടുചേർന്നും ചെറിയ പരിക്കുകളുമുണ്ട്. ഞായറാഴ്‌ച വൈകീട്ടോടെ സന്തോഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പരിക്കുകളോടെ കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതുപേരിൽ ആറുപേരും കോട്ടയ്ക്കൽ ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചിരുന്ന നാലുപേരും ഞായറാഴ്‌ച വൈകീട്ടോടെതന്നെ ഡിസ്ചാർജായി.
ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുറ്റിപ്പുറം ബസ് അപകടത്തിൽനിന്ന് രണ്ട് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഞായറാഴ്ച റെയിൽവേ മേൽപ്പാലത്തിന് സമീപം ബസ് അപകടത്തിൽപ്പെടുന്നതിന് സെക്കൻഡുകൾക്ക് മുൻപ് ബസ്സിന് മുൻപിൽ ഇവർ സഞ്ചരിച്ചിരുന്നു.
ഈ രണ്ട് ബൈക്കുകളും സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച് മുൻപോട്ട് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണംവിട്ട് കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മറിയുന്നത്.
ബസ് കോൺക്രീറ്റ് ഡിവൈഡറിലിടിക്കുന്നതിന്റെ ഏതാനും സെക്കൻഡുകൾക്ക് മുൻപാണ് ബൈക്ക് യാത്രികർ ഡിവൈഡർ കടന്ന് മുൻപോട്ട് പോകുന്നതെന്നതിനാലാണ് അവർ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നതെന്ന് സി.സി.ടിവി. ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആംബുലൻസുകൾക്ക് സൗകര്യമൊരുക്കാത്തതിനെച്ചൊല്ലി സംഘർഷം
കുറ്റിപ്പുറം ബസ്സപകടത്തിൽപ്പെട്ടവരുമായി വന്ന ആംബുലൻസുകൾക്ക് കടന്നുപോകാൻ വെട്ടിച്ചിറ ടോൾപ്ളാസ ജീവനക്കാർ സൗകര്യമൊരുക്കിനൽകിയില്ലെന്നു പരാതി. ഇതു ചോദ്യംചെയ്ത ആംബുലൻസ് ഡ്രൈവർമാരെ ടോൾപ്ളാസ ജീവനക്കാർ കൈയേറ്റംചെയ്തെന്നാരോപിച്ച് തിങ്കളാഴ്‌ച ടോൾപ്ളാസയ്ക്കു സമീപം അവർ പ്രതിഷേധിക്കും.
ഞായറാഴ്‌ച രാവിലെ കുറ്റിപ്പുറത്തുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ യാത്രക്കാരുമായി കോട്ടയ്ക്കലിലെ ആശുപത്രികളിലേക്കു വരുകയായിരുന്ന ആംബുലൻസുകൾക്കാണ് പെട്ടെന്ന് കടന്നുപോകാൻ ടോൾപ്ളാസ ജീവനക്കാർ അനുമതി നൽകാതിരുന്നത്. വെട്ടിച്ചിറ ടോൾപ്ളാസയിൽ അടിയന്തര സാഹചര്യത്തിലുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രത്യേക ട്രാക്ക് ഇല്ല. പരിക്കേറ്റവരുമായി ആദ്യം വന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാൻ ഇവിടത്തെ ജീവനക്കാർ സൗകര്യംചെയ്തുകൊടുത്തില്ല. മറ്റു വാഹനങ്ങൾക്കൊപ്പം ടോൾപ്ളാസ കടക്കുന്നതിനിടയിൽ ഇതിലെ ഡ്രൈവർ വേറേയും ആംബുലൻസുകൾ പരിക്കേറ്റവരുമായി വരുന്ന വിവരം ജീവനക്കാരെ അറിയിച്ചു. ആ ആംബുലൻസുകൾക്കും ജീവനക്കാർ കടന്നുപോകാൻ സൗകര്യമൊരുക്കിയില്ല. പരിക്കേറ്റവരെ കോട്ടയ്ക്കലിലെ ആശുപത്രികളിലെത്തിച്ചശേഷം ടോൾപ്ളാസയിൽ എത്തിയ ആംബുലൻസ് ഡ്രൈവർമാർ ജീവനക്കാരെ പ്രതിഷേധമറിയിച്ചു. ഇതിനിടയിലാണ് ഡ്രൈവർമാരെ ജീവനക്കാർ കൈയേറ്റംചെയ്തെന്ന പരാതിയുയർന്നത്.
പരിക്കേറ്റ് ചികിത്സ തേടിയവർ
അപകടത്തിൽപ്പെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവർ:
കോട്ടയ്ക്കൽ അൽമാസ്
: പാലക്കാട് പടിഞ്ഞാമുറിയിൽ സന്തോഷ് (48), ഇരുമ്പിളിയം കൊളത്തുപറമ്പിൽ സെയ്തലവിയുടെ മകൾ ഫാത്തിമ നസ്‌റിയ (16), വളാഞ്ചേരി കിണങ്ങാട്ടിൽ അബ്ദുറഹ്മാന്റെ മകൾ ഹാദിയ (16), കദീജ (62), സുബൈർ (56), സമീറ (40), ബാലകൃഷ്ണൻ (66), തിരുവേഗപ്പുറം കിങ്ങാട്ടിൽ അബ്ദുറഹ്മാന്റെ മകൻ സബ (18), പാലേരി പൂളമംഗലം വിജയൻ (61).
കുറ്റിപ്പുറം ഹീൽഫോർട്ട്
: പ്രേംദാസ് (63), അർച്ചന (20), സ്മിത (49), പന്തല്ലൂർ സ്വദേശി അബ്ദുൾ ഹമീദ് (53), പെരുമ്പിലാവ് സ്വദേശി സവിത (32), എടപ്പാൾ പൂക്കരത്തറ സ്വദേശി രാഘവൻ (64), കൊടിഞ്ഞി പുതിയമാളിയേക്കൽ കൊച്ചുബീവി (55), ആയിഷ (19), സവാദ് (73), സമീറ (42), ശാരദ (73).
ആസ്റ്റർ മിംസ്, കോട്ടയ്ക്കൽ
:വളാഞ്ചേരി വടക്കാത്ത് മുഹ്‌സിന (38), ആനന്ദ് (18), അരീക്കോട് വെറ്റിലപ്പാറ സ്വദേശി അശ്വതി (18), അരീക്കോട് വെറ്റിലപ്പാറ സ്വദേശി തങ്ക (57).
ഹയാത്ത് മെഡി കെയർ, കുറ്റിപ്പുറം
അരുൺ (30).
ടി.എച്ച്. ഹോസ്പിറ്റൽ, കുറ്റിപ്പുറം
അനാമിക (16), ജിസ്‌ന (17), പ്രബിൻ (19)
ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്
വൈശാഖ് (33).
മലങ്കര ഹോസ്പിറ്റൽ, കുന്നംകുളം
സീനത്ത് (48).
എടപ്പാൾ ഹോസ്പിറ്റൽ
സേതുനാഥ് (60), സുനീറ (38), സഹീറ (35).
Published: 27 Jul 2026, 07:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented