തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയ്ക്കും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിൽ മാംഗല്യം. അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ ഇന്ന് വൈകീട്ട് അഞ്ചരയോടെ വിവാഹം നടക്കും എന്നാണ് വിവരം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കും. 

To advertise here,

'മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നുപറഞ്ഞ ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രം എന്നതാണ് വിവാഹത്തിന് ഈ ക്ഷേത്രം തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വിവിധ മതങ്ങളുണ്ടെങ്കിലും എല്ലാ മതത്തിന്റേയും സത്ത ഒന്നാണ്, അത് മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തെ അടിസ്ഥാനമാക്കി മുന്നോട്ടുപോകാൻ പറഞ്ഞ മഹാഗുരുവാണ് ശ്രീനാരായണ ഗുരു.' - വിവാഹത്തിന് പങ്കെടുക്കാനെത്തിയ എം.വി. ഗോവിന്ദൻ പറഞ്ഞു. 

വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പൂവാറിൽ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനിൽ എത്തിയത്. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ പെൺകുട്ടിയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ആറുമാസമായി പ്രണയത്തിലാണ്.  ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്കെത്താൻ തീരുമാനിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ തമ്പാനൂർ പോലീസ് പിതാവ്  ഭോസ്ലെയെയും സിനിമ സംഘത്തേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫർമാനൊപ്പം ജീവിക്കാനുള്ള ആഗ്രഹം പോലീസിന് മുന്നിൽ പെൺകുട്ടി വെളിപ്പെടുത്തി.