കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.

പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സര്‍ക്കാരും ഈ വാദത്തെ പിന്തുണച്ചു. എന്നാല്‍, ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.

തുടര്‍ന്ന് ഇന്ന് വിധി പറഞ്ഞ കോടതി ലോകയുക്തയുടെ ഉത്തരവില്‍ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലോകായുക്തയുടെയും ഉപലോകായുക്തമാരുടെയും തീരുമാനങ്ങള്‍ അന്തിമമായിരിക്കണമെന്ന ലക്ഷ്യംവെച്ചാണ് ലോകായുക്തയ്ക്കു നിയമപരമായ രൂപം നല്‍കിയത്. അതിനാല്‍ത്തന്നെ അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അപ്പീലുകള്‍ക്ക് പ്രസക്തിയില്ല. ഹൈക്കോടതി വിധിയില്‍ പറഞ്ഞു.

ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനത്തിനായി ഇടപെട്ടതാണ് ജലീലിന് വിനയായത്. തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു എന്നതായിരുന്നു ആരോപണം.

നിയമനത്തിനുപിന്നാലെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസാണ് മന്ത്രിക്കെതിരേ ആരോപണവുമായി വന്നത്. തുടര്‍ന്ന് അദീബ് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്കുമടങ്ങുകയും ചെയ്തു.

എടപ്പാള്‍ തലമുണ്ട സ്വദേശി വി.കെ. ഷാഫിയാണ് ബന്ധുനിയമനത്തിനെതിരേ ലോകായുക്തയെ സമീപിച്ചത്. ബന്ധുവിന് നിയമനം ലഭിക്കത്തക്കതരത്തില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ മന്ത്രി ഇടപെട്ടുവെന്നതിന് തെളിവുണ്ടെന്ന് ലോകായുക്ത കണ്ടെത്തി.

സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി, സ്ഥാനത്ത് തുടരരുതെന്നും ലോകായുക്ത നിര്‍ദേശിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.