ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ്  നേരിട്ട് കൊണ്ടിരിക്കുന്ന പരാജയത്തില്‍ നേതൃത്വത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയം ആവര്‍ത്തിച്ചതോടെ വിരലുകളെല്ലാം നീണ്ടത് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തലയ്‌ക്കേതിരേയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി  രാമചന്ദ്രനെതിരേയുമാണ്. ഇതിനിടെ  കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്  സ്ഥാനത്തുനിന്നു മാറ്റണമെന്നും കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് കെ.എം.  അഭിജിത്ത്. ഒപ്പം സ്ഥാനമോഹത്തിന് പകരം പ്രവര്‍ത്തിക്കാന്‍ കൂടി താല്‍പര്യമുള്ള ആളുകള്‍ നേതൃനിരയില്‍ എത്തണമെന്ന്  ആവശ്യപ്പെടുന്നു. കെ.എം. അഭിജിത്ത് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയാണ്.  

To advertise here,

കോണ്‍ഗ്രസിലെ ഈ തലമുറ മാറ്റത്തെ കെ.എസ്.യു എങ്ങനെയാണ് കാണുന്നത്?

തലമുറമുറയല്ല മാറേണ്ടത്,  മാറേണ്ടത് പ്രവര്‍ത്തനശൈലിയും പ്രവര്‍ത്തന സംസ്‌കാരവുമാണ്. മാധ്യമങ്ങള്‍ പറയുന്ന വലിയ പ്രശ്‌നങ്ങളൊന്നും കോണ്‍ഗ്രസിലില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. കോണ്‍ഗ്രസില്‍ ഒരു കെ.പി.സി.സി. പ്രസിഡന്റോ അല്ലെങ്കില്‍ നേതൃസ്ഥാനത്തുള്ള മറ്റാരെങ്കിലുമോ മാത്രം മാറിയിട്ട് കാര്യമില്ല. അതിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തനവും പ്രവര്‍ത്തനശൈലിയും നിലവിലുണ്ട്. അതില്‍ അടിയന്തരമായി മാറ്റമുണ്ടായേ മതിയാവൂ. അടിത്തട്ടിലുള്ള മാറ്റം കൊണ്ടേ കാര്യമുണ്ടാവൂ. 
 
മാറ്റം കെ.എസ്.യുവിലും അനിവാര്യമാണെന്ന് കണ്ടതിനാലാണോ കമ്മിറ്റി പിരിച്ച് വിടണമെന്ന് കത്ത് നല്‍കിയത്?

തീര്‍ച്ചയായും. ഇനിയും മുന്‍കാല ശൈലിയും പ്രവര്‍ത്തനവും കൊണ്ടൊന്നും  കേരള വിദ്യാര്‍ഥി യൂണിയന് മുന്നോട്ട് പോവാന്‍ കഴിയില്ല. കാര്യങ്ങള്‍ അക്കൗണ്ടബിളാവണം. ഒരു ഭാരവാഹിയാവാന്‍ ഏറെ പരിശ്രമിക്കുകയും ആളുകളെ റെക്കമന്‍ഡ് ചെയ്യുകയുമെല്ലാം  ചെയ്ത് ഒടുവില്‍ ഭാരവാഹിയായ ശേഷം പിന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത അവസ്ഥയുണ്ട്. അതിന് മാറ്റമുണ്ടാവണം. അവരുടെ കഴിവ് തുടര്‍ന്നങ്ങോട്ടും മുന്നോട്ട് കൊണ്ടുപോവുന്നു  എന്ന് ഉറപ്പിക്കണം. മാത്രമല്ലm നിലവിലെ കെ.എസ്.യു, കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ വര്‍ഷമേ  കഴിഞ്ഞതാണ്. ഈയൊരു കാര്യങ്ങള്‍ കൂടി പരിഗണിണിച്ച് പെട്ടെന്ന് പുനഃസംഘടന നടത്തി പുതിയ ഭാരവാഹികളെ  തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് കത്ത് നല്‍കിയത്. ജംബോ കമ്മിറ്റികളൊക്കെ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രയാസം സൃഷ്ടിക്കുന്നപോലെ യുവജന സംഘടനകളേയും  അത് ബാധിച്ചിട്ടുണ്ട്. ജംബോ കമ്മറ്റികളുടെ എണ്ണം പരിമിതി പെടുത്തണം എന്ന് തന്നെയാണ് യാഥാര്‍ഥ്യം  

ഗ്രൂപ്പ് രാഷ്ട്രീയം കെ.എസ്.യുവിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ?

ഗ്രൂപ്പൊന്നുമില്ല. അഭിപ്രായ വ്യത്യാസത്തെ ഗ്രൂപ്പെന്ന് പറഞ്ഞ് മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം  നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ കോണ്‍ഗ്രസിന് പരാതിയുമില്ല. കാരണം കോണ്‍ഗ്രസുകാരെ കുറിച്ച് മാധ്യമങ്ങള്‍ എന്ത് പറഞ്ഞാലും മറ്റുള്ളവര്‍ ചെയ്യുന്നപോലെ  ഫാസിസ്റ്റ് ശൈലിയില്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനോ അക്രമിക്കാനോ കോണ്‍ഗ്രസ്  തുനിയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യ സ്വഭാവം അല്‍പ്പം  അധികമായതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം. ജനാധിപത്യ സ്വഭാവം അധികമായത് കൊണ്ട് തന്നെ ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാറുണ്ട്.  ഗ്രൂപ്പ് പ്രശ്‌നമെന്ന് മാധ്യമങ്ങള്‍ പറയുമ്പോള്‍ അത് ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇത് ഏറ്റ് പിടിച്ച് സോഷ്യല്‍ മീഡിയയിലൊക്കെ പലര്‍ക്കും എഴുതാം. എന്തിന് കോണ്‍ഗ്രസിന്റെ വലിയ പാരമ്പര്യമുള്ള കെ.എസ്.യുക്കാരന്‍ പോലും സോഷ്യല്‍ മീഡിയില്‍ നേതാക്കള്‍ക്കെതിരേ എഴുതും. ഇതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്.

താഴെ തട്ട് മുതലിങ്ങോട്ട് വന്‍ അഴിച്ചുപ​ണിക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നൂവെന്നാണ് കേള്‍ക്കുന്നത്. ഏത് തരത്തിലുള്ള ഒരു നേതൃത്വത്തെയാണ് പ്രതീക്ഷിക്കുന്നത്?

അഴിച്ചുപണി നിര്‍ബന്ധമാണ്. ഭാരവാഹിയാവുന്നവര്‍ ആ ഭാരവാഹിത്വത്തോട് 90 ശതമാനമെങ്കിലും നീതി പുലര്‍ത്തുന്നവരാവണം.  ഓരോ ഡി.സി.സികളുടേയും ജംബോ കമ്മറ്റികളുടെ എണ്ണം നൂറിനടത്താണ്. ഈ ഭാരവാഹികളെയൊന്നും ഒന്നിച്ച് കാണാന്‍ പോലുള്ള ഭാഗ്യം പോലും ഡി.സി.സി. പ്രസിഡന്റിനുണ്ടാവില്ല. ഭാരവാഹിത്വത്തിന് പോലും വിലയില്ലാതാക്കിയ ജംബോ കമ്മറ്റികളാണ് നിലവിലുള്ളത്. അത് അടിയന്തരമായി പുനഃപരിശോധിക്കണം. ജനകീയരായ, ആളുകളുമായി ബന്ധമുള്ളവരെ നേതൃത്വം ഏല്‍പിക്കണം. അവരാണ് പാര്‍ട്ടിയുടെ മുഖം.  അവരിലൂടെ ചടുലമായി സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന ഒരു കമ്മറ്റികളാണ് കോണ്‍ഗ്രസില്‍ വരേണ്ടത്.

നോര്‍ത്തില്‍ വലിയ പ്രതീക്ഷയായിരുന്നല്ലോ അഭിജിത്തിനുണ്ടായിരുന്നത്, പക്ഷെ പലപ്പോഴും അഭിജിത്തിനൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങളിലൊന്നും കെ.എസ്.യുവിന്റെ വലിയ പിന്തുണ ലഭിച്ചില്ല എന്ന തോന്നലുണ്ട് പലര്‍ക്കും? 

അത് ശരിയായ കാര്യമല്ല. കോഴിക്കോട് നോര്‍ത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുര്‍ബലമായ സംഘടനാ സംവിധാനമുള്ള സ്ഥലമാണത്. എന്നിട്ട് പോലും കെ.എസ്.യുവിന്റേയും കോണ്‍ഗ്രസിന്റേയും ആളുകള്‍ ഇവിടെ വളരെ സജീവമായി ഇറങ്ങിയിട്ടുണ്ട്. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. 

ഇടതുപക്ഷത്തിന്റെ  പ്രവര്‍ത്തനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് ഏതെങ്കിലും പഠിക്കേണ്ടതുണ്ടോ?

സി.പി.എമ്മിന്റെ കാഡര്‍ രീതിയിലേക്ക് കമ്മറ്റി മാറണമെന്നൊന്നും ഒരിക്കലും പറയില്ല. പകരം ഒരു സെമി കാഡര്‍ സംവിധാനത്തിലേക്ക് കാര്യങ്ങള്‍ മാറണം. അത് മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. അതായത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്ഥാനചലനമുണ്ടാകുമെന്ന ബോധ്യം ഓരോ നേതാവിനും ഉണ്ടാവണം. എങ്കില്‍ മാത്രമേ ഇനി പിടിച്ച് നില്‍ക്കാന്‍ കഴിയൂ. 

കെ.പി.സി.സി. അധ്യക്ഷനെതിരെ ഉയരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

പരാജയപ്പെടുമ്പോള്‍ മാത്രം കുറ്റപ്പെടുത്താന്‍ നോക്കുന്നവര്‍ അത് സ്വയം  പരിശോധിച്ച് നോക്കണം. അവരുടെ സംഭാവന എന്തായിരുന്നുവെന്ന്. ഏതെങ്കിലും ഒരാളെ മാത്രം കുറ്റപ്പെടത്തിയത് കൊണ്ടോ  തെറി പറഞ്ഞത് കൊണ്ടോ ഒരു കാര്യമില്ല. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയടക്കമുള്ള ചില പ്ലാറ്റ്ഫോമുകള്‍ വെറുതെ കമ്മറ്റി കൂടുന്നുവെന്നല്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കള്‍  ഉള്ള ഉന്നതാധികാര സമിതികളില്ലേ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പല കാരണങ്ങള്‍കൊണ്ട് ലഭിച്ച വിജയം തുടരുമെന്നാണ് ഈ കമ്മിറ്റിയിലുള്ളവര്‍ കരുതിയത്. ശേഷം വട്ടിയൂര്‍കാവിലും കോന്നിയിലുമൊക്കെ ഉപതിരഞ്ഞെടുപ്പ് നടന്നു. പരാജയപ്പെട്ടു. പരാജയം പഠിക്കുമെന്ന് പറഞ്ഞിട്ട് അതെന്തേ പഠിക്കാന്‍ തയ്യാറാവാതിരുന്നത്. അതിന് ശേഷം എന്ത് നടപടിയാണുണ്ടായത്. അന്നും പറഞ്ഞു  സംഘടനാപാരമായി മാറ്റം വരുത്തുമെന്ന്. എന്നിട്ട് മാറിയില്ലല്ലോ. അന്നുണ്ടായവരെല്ലാം ഇന്നു തുടരുന്നു. ഓരോ  പരാജയമുണ്ടാവുമ്പോഴും  പഠിക്കാന്‍ ഇരിക്കുന്നു, മാറുന്നുവെന്നല്ലാതെ ഇരുത്തം മാത്രമാണ് ബാക്കിയാവുന്നത്.  

Content Highlights: KSU State President KM Abhijith On New Leadership