placeholder
KSRTC buses halted on MG road in Thiruvananthapuram owing to the strike. Photo- Biju Varghese
തിരുവനന്തപുരം:കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണ മരിച്ച യാത്രക്കാരന്‍ തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ(64) മൃതദേഹ പരിശോധന ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് വ്യാഴാഴ്ച കൈമാറും. 

To advertise here,

മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട്  കിട്ടിയാലുടനെ വിഷയവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കൂടി തേടിയിട്ടുണ്ട്. രണ്ടുറിപ്പോര്‍ട്ടുകളും ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപടികളിലേക്ക് കടക്കുക. 

മിന്നല്‍ പണിമുടക്കിനിടയില്‍ കുഴഞ്ഞു വീണ മരിച്ച യാത്രക്കാരനായ സുരേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ഒമ്പതുമണിയോടെ ബന്ധുക്കള്‍ എത്തിയതിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് മൃതദേഹ പരിശോധന നടത്തും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വട്ടപ്പാറയിലുള്ള പള്ളിയിലാണ് സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 

കിഴക്കേക്കോട്ടയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ പിന്നീട് പോലീസ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രധാന റോഡുകളിലെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും താമസമുണ്ടായി.  

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഏറെനേരമാണ് സുരേന്ദ്രന് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കേണ്ടിവന്നത്. ഇതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. 

Content Highlights: KSRTC strike: Postmortem of deceased passenger to be held today