
കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ രണ്ടു ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ്സിന് നേർക്കും മുട്ടയേറുണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് പരാതി. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിൽ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിലും മുട്ടയുടെ അവശിഷ്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്.
ഓഗസ്റ്റ് എട്ടിന് ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. 20 പേർക്ക് സാരമായി പരിക്കേറ്റു. ഇതേ പാതയിലെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഗ്ലാസിലേക്ക് ഇതേഭാഗത്തുവെച്ച് മുട്ടയേറുണ്ടായ പശ്ചാത്തലത്തിലാണ് സംശയം ബലപ്പെടുന്നത്.
കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപ്പെട്ട ആവരഗെരെ റെയിൽവേ മേൽപ്പാലത്തിനു സമീപംവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഡീലക്സ് ബസിനുനേരേ മുട്ടയേറുണ്ടായത്. ഡ്രൈവറുടെ കാഴ്ചമറച്ച് നിയന്ത്രണം നഷ്ടപ്പെടാനിടയാക്കുന്ന തരത്തിലാണ് ചില്ലിലേക്ക് മുട്ടകളെറിഞ്ഞത്. റോഡിൽനിന്നു പൊങ്ങിനിൽക്കുന്ന സർവീസ് റോഡിൽനിന്ന് മൂന്നുപേർ എറിഞ്ഞ മുട്ട ചില്ലിൽ തട്ടിച്ചിതറുകയായിരുന്നെന്ന് ഡ്രൈവർ ബി. സുരേഷ് പറഞ്ഞു.
ഇതോടെയാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിനുനേരെയും മുട്ടയേറ് ഉണ്ടായോ എന്ന സംശയം ബലപ്പെട്ടത്. മാത്രമല്ല, രക്ഷാപ്രവർത്തനത്തിനെത്തിയ കെ.എം.സി.സി. അംഗങ്ങൾ പകർത്തിയ ചിത്രങ്ങളിലും ദൃശ്യങ്ങളിലും മുട്ടയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് അവർ പറയുന്നത്. സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം കെ.എം.സി.സി. കർണാടക ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. ബിഡദി-രാമനഗര ഭാഗത്ത് കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നേരെ ആക്രമണങ്ങൾ പതിവാണെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. ഫൊറൻസിക് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി.യും അന്വേഷണം ആവശ്യപ്പെട്ട് കർണാടക പോലീസിന് പരാതിനൽകി. ഈ മേഖലയിൽ മുട്ടയെറിഞ്ഞ് വാഹനത്തെ അപകടത്തിൽപെടുത്തിയശേഷം കൊള്ളയടിക്കുന്ന പ്രവണതയുള്ളതായി സൂചനയുണ്ട്.
രക്ഷാപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ
Content Highlights: Suspicion of sabotage has emerged in the KSRTC bus crash on the Mysuru-Bengaluru highway that killed two Kozhikode natives, as evidence of egg residues and prior attacks on Kerala-registered vehicles prompted demands for a detailed forensic investigation.
Published: 14 Aug 2026, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented