കോഴിക്കോട്: സിപിഎം കോഴിക്കോട് നോർത്ത് ഏരിയാകമ്മിറ്റി അംഗം ഒ. സദാശിവൻ കോർപ്പറേഷൻ മേയറാകും. അദ്ദേഹത്തെ എൽഡിഎഫിന്റെ മേയർസ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലുള്ള ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീ ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. വ്യാഴാഴ്ച നടന്ന എൽഡിഎഫ് യോഗമാണ് ഇരുവരെയും പ്രഖ്യാപിച്ചത്.

To advertise here,

76 അംഗങ്ങളുള്ള കൗൺസിലിൽ എൽഡിഎഫിന് 35 സീറ്റാണുള്ളത്. യുഡിഎഫിന് 28-ഉം എൻഡിഎയ്ക്ക് 13-ഉം വാർഡുകളാണ് കിട്ടിയത്. മൂന്നുമുന്നണികളും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിനാൽ ഏറ്റവുംവലിയ കക്ഷി എന്നനിലയിൽ എൽഡിഎഫിനുതന്നെ പദവികൾ ലഭിക്കും.

സദാശിവൻ മൂന്നാമത്തെ തവണയാണ് കൗൺസിലിൽ എത്തുന്നത്.

25 വർഷമായി സിപിഎം കോഴിക്കോട് നോർത്ത് ഏരിയാകമ്മിറ്റി അംഗമാണ്. തടന്പാട്ട്താഴം വാർഡിൽനിന്നാണ് വിജയിച്ചത്.

സി.പി. മുസാഫർ അഹമ്മദ് പരാജയപ്പെട്ടതോടെ ഡോ. എസ്. ജയശ്രീയെയാണ് മേയർസ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. പക്ഷേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒ. സദാശിവന്റെ പേരാണ് അംഗീകരിച്ചത്.

കണ്ണൂരിൽ പി. ഇന്ദിര

യുഡിഎഫ് നിലനിർത്തിയ കണ്ണൂർ കോർപ്പറേഷന്റെ മേയർ സ്ഥാനാർഥിയായി പി.ഇന്ദിരയെ കോൺഗ്രസ് നിർദേശിക്കും. നിലവിലെ ഭരണസമിതിയിൽ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഎസ്‌യുവിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ഇന്ദിര കണ്ണൂർ നഗരസഭ കൗൺസിലറായും കോർപ്പറേഷൻ ആരോഗ്യ, പൊതുമരാമത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റികളുടെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

കെ.സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗമാണ് മേയർ സ്ഥാനത്തേക്ക് ഇന്ദിരയെ നിർദേശിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചത്. 56 അംഗ കോർപ്പറേഷൻ കൗൺസിലിൽ 36 സീറ്റാണ് യുഡിഎഫ് നേടിയത്.