കൊച്ചി: കാഴ്ച വീണ്ടെടുക്കുന്നതിനായി കൃത്രിമ ലെൻസ് പല്ലിന്റെ സഹായത്തോടെ കണ്ണിൽ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ കൊച്ചിയിൽ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്ന അസുഖം കാരണം രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട 49 - കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കഠിനമായ അലർജിയോ അണുബാധയോ കാരണം, കണ്ണിന്റെ ഉപരിതലവും കോർണിയയും നശിക്കുന്ന അവസ്ഥയാണ് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം. ഈ രോഗികളിൽ സാധാരണ കോർണിയൽ ട്രാൻസ്‍പ്ലാൻറ് വിജയകരമല്ല. അതിനാലാണ് പ്രത്യേക ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ചീഫ് കോർണിയ സർജൻ ഡോ. വിനയ് എസ്. പിള്ള പറഞ്ഞു. കണ്ണിന്റെ ഉപരിതലം പൂർണമായും തകരാറിലായ അവസ്ഥയിൽ ശസ്ത്രക്രിയയിലൂടെ ഉപരിതലത്തെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

To advertise here,

ഒരു സിന്തറ്റിക് ലെൻസ് (ഒപ്റ്റിക് സിലിൻഡർ) രോഗിയുടെ പല്ലിലേക്ക് ഘടിപ്പിച്ച ശേഷം പിന്നീട് അത് കണ്ണിലേക്ക് പറിച്ചുനടുന്നു. തുടർന്ന് വായയുടെ ആന്തരിക പാളിയായ ബക്കിൾ മ്യൂക്കോസ നീക്കം ചെയ്യുകയും അതിനു മുകളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ, രോഗിക്ക് വ്യക്തമായി കാഴ്ച നൽകുന്ന ഒപ്റ്റിക്കൽ പ്രതലം പുതുതായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഡോ. പുഷ്പ സൂസൻ ഐസക്, വേദ ഡെന്റൽ ക്ലിനിക്കിലെ ഓറൽ സർജൻമാരായ ഡോ. വിദ്യാ പരമേശ്വരൻ, മാക്സിലോഫേഷ്യൽ സർജൻ ഡോ. മാത്യു ജെയിംസ് എന്നിവരും ശസ്ത്രക്രിയാ നടപടികളിൽ പങ്കെടുത്തു.