
കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പരിപാടികള്‍ക്കെതിരേ നടപടിയെടുത്ത് കൊച്ചി കോര്‍പറേഷന്‍. കൊച്ചിയില്‍ ഫ്ലവര്‍ഷോയ്ക്ക് സ്റ്റോപ്പ് മെമ്മോ നോട്ടീസ് നല്‍കി. സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍നിന്ന് ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി.
എന്നാല്‍, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തല്‍ നിര്‍മിച്ചതിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും ഫ്ലവര്‍ ഷോ സംഘാടകര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കിയതായും പ്രതികരിച്ചു.
ഹോര്‍ട്ടികോര്‍പ്പും ജി.സി.ഡി.എയും ചേര്‍ന്നാണ് കൊച്ചിയില്‍ ഫ്ലവര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 22-ന് ആരംഭിച്ച് ജനുവരി രണ്ടിന് അവസാനിക്കുന്ന ഫ്ലവര്‍ഷോയ്ക്കാണ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോര്‍പറേഷന്‍ ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പള്ളുരുത്തി സ്വദേശിയായ യുവതിക്ക് പുഷ്പമേളയിലെ പ്ലാറ്റ്‌ഫോമില്‍ വീണ് പരിക്ക് പറ്റിയിരുന്നു. രണ്ട് കൈകള്‍ക്കും പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കി കോര്‍പറേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം ഫ്ലവര്‍ ഷോക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.
ആര്‍ക്കും എന്തും ചെയ്ത് പോകാമെന്ന നഗരമായി മാറി കൊച്ചി- ആന്റണി കുരീത്തറ (കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ്)
കോര്‍പറേഷന്റെ മൂക്കിന്റെ തുമ്പത്താണ് ഫ്ലവര്‍ഷോ നടക്കുന്നത്. എന്നിട്ടും പരിപാടി അവസാനിക്കുന്നതിന്റെ തലേന്ന് മാത്രമാണ് ഫ്ലവര്‍ഷോക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലെന്ന് കോര്‍പറേഷന്‍ അറിയുന്നത്. ആര്‍ക്കും എന്തും ചെയ്ത് പോകാമെന്ന നഗരമായി മാറുകയാണ് കൊച്ചി. പരിപാടി തുടങ്ങുന്നതിന് മുമ്പേ തന്നെ ഇതെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. വലിയ അനാസ്ഥയാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ബുധനാഴ്ചയാണ് കോര്‍പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അതിന് ശേഷമാണ് ഒരു സ്ത്രീ അവിടെ പ്ലാറ്റ്‌ഫോമില്‍ വീണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കണം.
Content Highlights: Kochi Corporation issues stop memo to Kochi Flower Show due to safety violations
Published: 02 Jan 2025, 01:05 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented