തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയെ മറയാക്കി ഗ്രഫീന്‍ ഗവേഷണത്തിന്റെപേരില്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ സ്വകാര്യവ്യക്തികള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമമാണ് ഗവര്‍ണറുടെ ഇടപെടലിലൂടെ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
ഭാവിയുടെ പദാര്‍ഥമെന്ന് വിശേഷിപ്പിക്കുന്ന, ഇപ്പോഴും പൂര്‍ണമായും വികസിച്ചിട്ടില്ലാത്ത ഗ്രഫീനില്‍ ഗവേഷണ-സംരംഭക പദ്ധതി പ്രഖ്യാപിച്ചാണ് ഉന്നതബന്ധമുള്ള ചിലരുടെ നേതൃത്വത്തില്‍ ഇതിനുള്ള നീക്കം നടത്തിയത്. വ്യക്തികളില്‍ കേന്ദ്രീകരിച്ചാണ് നീക്കങ്ങള്‍ ആരംഭിച്ചതെങ്കിലും സംസ്ഥാന വ്യവസായവകുപ്പ് പദ്ധതി ഏറ്റെടുത്തതോടെ കൂടുതല്‍ വിശ്വാസ്യത കൈവരിക്കുകയായിരുന്നു.
രാജ്യത്തെ ആദ്യ ഗ്രഫീന്‍ ഗവേഷണകേന്ദ്രം എന്നനിലയ്ക്ക് ഏറെ കൊട്ടിഘോഷിച്ചാണ് കേരളം ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാലയ്‌ക്കൊപ്പം ടാറ്റാ സ്റ്റീല്‍ സഹകരിക്കുമെന്ന് വന്‍ പ്രചാരമുണ്ടായിരുന്നെങ്കിലും പിന്നീട് ടാറ്റാ സ്റ്റീല്‍ പദ്ധതിയില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ വകുപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 'ഗ്രഫീന്‍ അരോറ' എന്നു പേരിട്ട പദ്ധതിക്കായി 94.85 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് കേന്ദ്രം 37.63 കോടിയും സംസ്ഥാനം 47.22 കോടിയും അനുവദിക്കുമ്പോള്‍ സ്വകാര്യ വ്യവസായ സംരംഭകരില്‍നിന്ന് 10 കോടി സമാഹരിക്കാമെന്നും രേഖയില്‍ പറയുന്നു. ഇതിനുപുറമേ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഗ്രഫീന്‍ പൈലറ്റ് ഉത്പാദനകേന്ദ്രം സ്ഥാപിക്കാനായി 237 കോടിയുടെ മറ്റൊരു പദ്ധതിയും സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2024-25 വര്‍ഷത്തില്‍ പദ്ധതിക്കുള്ള ആദ്യഘട്ടമായി കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രാലയം ഡിജിറ്റല്‍ സര്‍വകലാശാല വഴി അനുവദിച്ച 3.94 കോടി ചെലവഴിച്ചതിലെ പൊരുത്തക്കേടു ചൂണ്ടിക്കാണിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
പദ്ധതി അനുവദിച്ചത് 'കടലാസ്' കമ്പനിക്ക്
2023 ഓഗസ്റ്റ് 16-ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ഗ്രഫീന്‍ അരോറ പദ്ധതിക്ക് ഭരണാനുമതി നല്‍കുമ്പോള്‍ അതു ലഭിച്ച ഇന്ത്യ ഗ്രഫീന്‍ എന്‍ജിനിയറിങ് ആന്‍ഡ് ഇനവേഷന്‍ സെന്റര്‍ (ഐ-ജി ഇഐസി) എന്ന കമ്പനി നിലവില്‍വന്നിട്ടില്ല. രജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ രേഖകള്‍പ്രകാരം ഒക്ടോബര്‍ 16-നാണ് ഈ കമ്പനി നിലവില്‍വന്നിട്ടുള്ളത്.
എന്നാല്‍, പിന്നീട് ഈ ക്രമക്കേട് തിരിച്ചറിഞ്ഞ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2024 ഫെബ്രുവരി 29-നിറങ്ങിയ പുതിയ ഉത്തരവു പ്രകാരം ഐ- ജി ഇഐസി ഏറ്റെടുത്തിട്ടുള്ള ഗ്രഫീന്‍ അരോറ പദ്ധതിയുടെ നടത്തിപ്പുചുമതല കേരള ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഇതിനുശേഷം ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കേന്ദ്രം അനുവദിച്ച തുക നടപടിക്രമങ്ങള്‍ പാലിക്കാതെ ഐ-ജി ഇഐസിക്ക് കൈമാറിയിട്ടുണ്ടെന്ന് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
Content Highlights: Kerala's Graphene Research Project: Allegations of Misuse of Central & State Funds
Published: 09 Jul 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented