കിഴക്കമ്പലം: തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവയവദാന തട്ടിപ്പിന് കൂട്ടുനിന്ന കുന്നത്തുനാട് പള്ളിക്കരയിലെ കംപ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും പോലീസ് പരിശോധന. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ആരംഭിച്ച സൈബർസെൽ പരിശോധന രാത്രി വൈകിയും തുടരുകയാണ്.
തട്ടിപ്പിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി മുജീബ് നേരത്തേ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖകൾ തയ്യാറാക്കിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. മുൻ എം.പി.മാർ, മുൻ എം.എൽ.എ.മാർ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ പേരിലാണ് കൃത്രിമരേഖകൾ ശുപാർശക്കത്തായി നിർമിച്ചത്.
പള്ളിക്കരയിലെ ഒരു കംപ്യൂട്ടർ സെന്ററും ഒരു സ്റ്റുഡിയോയും പിടിയിലായ മുജീബിന്റെ പെരിങ്ങാല പോത്തനാംപറമ്പിലെ താമസസ്ഥലത്തുമാണ് ഒരേസമയം പോലീസ് പരിശോധന നടത്തിയത്. കൃതിമരേഖകൾ ഇവിടങ്ങളിൽനിന്ന് പോലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.
പ്രതിയായ മുജീബ്, പള്ളിക്കരയിലെ കംപ്യൂട്ടർ സെന്ററുകളിലെത്തി കൃത്രിമമായി രേഖകൾ തയ്യാറാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതി മുജീബ് പോത്തനാംപറമ്പിൽ മൂന്നുവർഷത്തോളമായി വാടകയ്ക്ക് താമസിക്കുകയാണ്. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. വിലപിടിപ്പുള്ള കാറുകളിലാണ് കംപ്യൂട്ടർ സെന്ററുകളിൽ എത്തിയിരുന്നത്.
പള്ളിക്കരയിലെ കംപ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും കുന്നത്തുനാട്, തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനുകളിൽ നിന്നെത്തിയ ഓഫീസർമാരാണ് പരിശോധന നടത്തുന്നത്. പ്രതി താമസിച്ചിരുന്ന പോത്തനാംപറമ്പിലെ വീട്ടിൽ അമ്പലമേട് പോലീസുമാണ് പരിശോധന നടത്തുന്നത്.
വ്യാജരേഖ അവയവദാനത്തിന്
കിഴക്കമ്പലം: വൃക്ക, കരൾ എന്നിവ അടുത്ത ബന്ധുക്കൾക്കുവേണ്ടി മാത്രമാണ് ഒരാൾക്ക് സാധാരണ രീതിയിൽ അവയവദാനമായി ചെയ്യാൻ സാധിക്കുന്നത്. എന്നാൽ ഇവയുടെ കൈമാറ്റം കച്ചവടമാകുമ്പോൾ ദാതാവുമായി ബന്ധമില്ലാത്ത ആളുകളിൽനിന്ന് അവ സ്വീകരിക്കും. ഇത്തരം സാഹചര്യം വരുമ്പോൾ വ്യാജരേഖ ചമയ്‌ക്കേണ്ടിവരും. സാമ്പത്തികനേട്ടം ലക്ഷ്യമാക്കിയുള്ള മാഫിയയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. പണം വാഗ്ദാനം ചെയ്ത് ഇവർ ആളുകളെ കുടുക്കും.
ദാനം ചെയ്യുന്നവർ സ്വീകർത്താവിന്റെ അടുത്ത ബന്ധുക്കൾ ആണെന്ന രേഖയാണ് കൃത്രിമമായി ഉണ്ടാക്കുന്നത്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ജനപ്രതിനിധികളുടെ ലെറ്റർ പാഡ് എന്നീ വ്യാജരേഖകളാണ് പള്ളിക്കരയിലെ കംപ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും നിർമിച്ചിരുന്നത്. ദാതാവിന്റേയോ, സ്വീകർത്താവിന്റെയോ വ്യാജ വിവാഹ സർട്ടിഫിക്കറ്റുവരെ നിർമിച്ചുനൽകും.
Content Highlights: Police raided computer centers and studios in Pallikkara linked to an organ donation racket., The racket used fake documents including forged letters from former MPs and MLAs.
Published: 08 May 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented