തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിലെ മഴയിൽ 13 ശതമാനം കുറവ്. എങ്കിലും കണക്കിൽ സാധാരണതോതിലാണ്. 19 ശതമാനംവരെ കുറഞ്ഞാലും കൂടിയാലും സാധാരണതോതായാണ് കണക്കാക്കുക. കഴിഞ്ഞവർഷവും 13 ശതമാനം കുറവായിരുന്നു. 2023-ൽ 34 ശതമാനവും.
ഒക്ടോബർ, നവംബർ മാസത്തിൽ പെയ്യുന്ന തുലാവർഷത്തിൽ (വടക്കുകിഴക്കൻ കാലവർഷം) ഇത്തവണ 12 ശതമാനംവരെ അധികം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കേരളത്തിലും സാധാരണതോതിലോ അതിൽക്കൂടുതലോ പെയ്യാനിടയുണ്ട്. ഒക്ടോബർ 15 മുതലാണ് സാധാരണ തുലാവർഷം തുടങ്ങുന്നത്.
കാലവർഷം പിന്മാറാൻ വൈകിയാലും ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള മഴയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ എടവപ്പാതിയുടെ കണക്കിൽ ചേർക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ ഇക്കാലത്ത് പെയ്തത് 175.27 സെന്റിമീറ്റർ. ദീർഘകാല ശരാശരിയനുസരിച്ച് പെയ്യേണ്ടത് 201.86 ആണ്. മാഹിയിൽ നാല് ശതമാനം അധികംപെയ്തു.
ഈ കാലവർഷക്കാലത്ത് കേരളത്തിൽ മൂന്നുദിവസം അതിതീവ്രമഴ പെയ്തു. 16 ദിവസം അതിശക്തമായ മഴയും 37 ദിവസം ശക്തമായ മഴയും പെയ്തു. തൃശ്ശൂർ ജില്ലയിലെ ലോവർ ഷോളയാറിൽ ജൂൺ 26-ന് 24 സെൻറിമീറ്റർ മഴ പെയ്തു.
കണ്ണൂരിൽ 14 ശതമാനം അധികംപെയ്തു. രണ്ടാംസ്ഥാനത്ത് പത്തനംതിട്ട - അഞ്ചുശതമാനം അധികം. തിരുവനന്തപുരത്ത് ഒരുശതമാനം കൂടുതൽ കിട്ടി. വയനാട് 36 ശതമാനം മഴ കുറഞ്ഞു. ഇടുക്കിയിൽ 35 ശതമാനവും മലപ്പുറത്ത് 27 ശതമാനവും കുറഞ്ഞു. ലക്ഷദ്വീപിലും 17 ശതമാനം കുറഞ്ഞു.
എടവപ്പാതി പോയവർഷങ്ങളിൽ
2024 13% കുറവ്
2023 34% കുറവ്
2022 14% കുറവ്
2021 10.4 % കുറവ്
2020 9% കൂടുതൽ
2019 18% കൂടുതൽ
2018 23% കൂടുതൽ
Published: 03 Oct 2025, 06:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented