കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ പത്തുസെന്റ് ഭൂമിയും വീടും അല്ലെങ്കില്‍ 40 ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതരുടെ പ്രതിഷേധം തുടരുന്നു.

To advertise here,

ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃപട്ടികയിലെ 89 ഗുണഭോക്താക്കളെ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ചൊവ്വാഴ്ച നേരില്‍ക്കണ്ട് സംസാരിച്ചു. ഇതില്‍ എട്ടുപേര്‍മാത്രമാണ് ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത്. തിങ്കളാഴ്ച 13 പേര്‍മാത്രമാണ് സമ്മതപത്രം നല്‍കിയത്. 24 വരെ സമ്മതപത്രം നല്‍കാന്‍ സമയമുണ്ട്.

ടൗണ്‍ഷിപ്പിന്റെ മാതൃക പ്രസിദ്ധീകരിച്ചു
കല്‍പ്പറ്റയില്‍ പണിയുന്ന ടൗണ്‍ഷിപ്പിന് 27-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടൗണ്‍ഷിപ്പിന്റെ മാതൃക മന്ത്രി ആര്‍. രാജന്‍ നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. വീടുകള്‍ക്കൊപ്പം അങ്കണവാടി, ആരോഗ്യകേന്ദ്രം, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പിന്റെ മാതൃകയാണ് നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ടൗണ്‍ഷിപ്പിന്റെ മാതൃക ഗുണഭോക്താക്കളെയും കാണിച്ചിരുന്നു. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിന്റെ പ്ലാനില്‍ അടയാളപ്പെടുത്തിയ മേല്‍ക്കൂരയിലെ ചരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോടുചേര്‍ന്ന് പുറത്തായി നിര്‍മിച്ച സ്റ്റെയര്‍ അകത്ത് ഉള്‍പ്പെടുത്തണമെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന പൊതുമാര്‍ക്കറ്റിലെ കടമുറികളില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് കച്ചവടംനടത്തിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ദുരന്തത്തില്‍ കടമുറികള്‍, ഒന്നിലധികം വീടുകള്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.

ടൗണ്‍ഷിപ്പിലേക്കുള്ള കുടിവെള്ളവിതരണത്തില്‍ ആശങ്ക അറിയിച്ചവരോട് ടൗണ്‍ഷിപ്പില്‍ ജലസംഭരണി നിര്‍മിച്ച് വാട്ടര്‍ അതോറിറ്റി മുഖേന കുടിവെള്ള വിതരണംചെയ്യുമെന്നും അറിയിച്ചു. ആരാധനാലയങ്ങള്‍, പൊതുശ്മശാനം എന്നിവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ഗുണഭോക്താക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.