
തിരുവനന്തപുരം: ഉരുൾപൊട്ടിയും ഗതാഗതം തടസ്സപ്പെട്ടും മലയോരമേഖലകളും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലായി. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞ് പാലാ നഗരം വെള്ളത്തിൽ മുങ്ങി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ എട്ടിടത്ത് കല്ലുകൾവീണ് ഗതാഗതം മുടങ്ങി. ഏറ്റുമാനൂർ -പൂഞ്ഞാർ, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം മുടങ്ങി.
പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. വെള്ളം കയറി റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടു. വീടുകളിൽ കുടുങ്ങിയവരെ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് സംഘം എന്നിവരാണ് രക്ഷിച്ചത്. ആറന്മുളയിൽ സത്രക്കടവുമുതൽ മാലക്കരവരെ റോഡ് വെള്ളത്തിലായി. ആചാരപരമായി ആറന്മുളവള്ളസദ്യ നടന്നു. മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നുവെച്ചിരുന്നു. രണ്ടെണ്ണം അടച്ചു.
തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടർ ഉയർത്തി. കണ്ണൂർ ജില്ലയിൽ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്‌മഗിരി വനമേഖലകളിൽ ഉരുൾപൊട്ടലുണ്ടായി. ആറളം ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച രാവിലെവരെ ഗതാഗത നിരോധനം ഏർപ്പെടുത്തി. പാലക്കാട് ജില്ലയിൽ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ തുറന്നു. തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകൾ ഉയർത്തി.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. താമരശ്ശേരിച്ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മലബാർ റിവർ ഫെസ്റ്റിവൽ നിർത്തിവെച്ചു. ശനിയാഴ്ച പുലർച്ചെ കടലുണ്ടി കപ്പലങ്ങാടി ബീച്ചിൽ ബോട്ട് കരയ്ക്കടുപ്പിക്കാൻ കഴിയാതെ കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പലർക്കും പരിക്കുണ്ട്. ഇടുക്കിയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. കല്ലാർകൂട്ടി, മലങ്കര, കല്ലാർ ഡൈവേർഷൻ, പാംബ്ല അണക്കട്ടുക ൾ തുറന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.
എട്ട് മരണം, ഏഴുപേരെ കാണാതായി
: കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും. മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴുപേരെ കാണാതായി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതിപടർത്തി. പുഴകൾ കരകവിഞ്ഞു, താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കുമാറ്റി. വ്യാപകകൃഷിനാശവും വസ്തുനാശവുമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തോരാമഴ ഏറെ നാശം വിതച്ചത്.
കോട്ടയത്ത് ഈരാറ്റുപേട്ട പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ വീടുതകർന്ന് അമ്മയും മകനും മരിച്ചു. പയ്യാനിത്തോട് ഭാഗത്ത് വണ്ടൻ പ്ലാവിലുണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന(49), മകൻ ജോസഫിൻ (24) എന്നിവരാണ് മരിച്ചത്. വീട് പൂർണമായും ഒലിച്ചുപോയി. മൂന്നു പഞ്ചായത്തുകളിലായി ആറിടത്ത് ഉരുൾപൊട്ടി. പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പരിയാരം കാട്ടാമ്പാക്ക് ഷിജു കുര്യന്റെ മകൻ മിലൻ കെ. ഷിജു(11) മരിച്ചു.
ഇടുക്കിയിൽ തൊടുപുഴയ്ക്കുസമീപം കുടയത്തൂർ അടൂർമലയിൽ ശനിയാഴ്ച പുലർച്ചെ രണ്ടിനുശേഷമുണ്ടായ ഉരുൾപൊട്ടലിൽ ആദിവാസി സ്ത്രീ മഷികല്ലേൽ സുമതി(69) മരിച്ചു. വീട് ഉരുൾ കൊണ്ടുപോയി. പുലർച്ചെ മൂന്നോടെ വാഗമൺ കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് വീടിനുമുകളിലേക്കുവീണ് വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം ശ്രീപത്മനാഭത്തിൽ പ്രഭാകരൻ നായർ (38) മരിച്ചു. കോലാഹലമേട് സ്വദേശിയായ സഹോദരി ലീലാമണിയുടെ വീട്ടിൽ വൈക്കം സ്വദേശിയായ പ്രഭാകരൻ നായരെത്തിയത് ബുധനാഴ്ചയായിരുന്നു. ലീലാമണി രക്ഷപ്പെട്ടു.
കരകവിഞ്ഞൊഴുകിയ തോട്ടിൽവീണ് മലപ്പുറം കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ (നാല്), വണ്ടൂർ തിരുവാലി എറിയാട് കണ്ടമംഗലത്ത് അബ്ദുൽ മുനീറിന്റെയും തസ് ലിമ ബാനുവിന്റെയും മകൻ അബ്ദുൽ മുഹൈനി (രണ്ടര) എന്നിവർ മരിച്ചു. മഴയിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുന്നതിനിടെ ഷോക്കേറ്റ്, കർഷകനായ വയനാട് കാവുംമന്ദം മഞ്ഞൂറ സ്വദേശി മാങ്കോട്ടിൽ ബെന്നി (57) മരിച്ചു.
കണ്ണൂർ പേരാവൂർ കാഞ്ഞിരപ്പുഴയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ കൊട്ടംചുരം വയൽപീടികയിൽ വി.പി. ഹനീഫ(46) യെയും പുളിങ്ങോം മീന്തുള്ളിയിൽ തുരുത്തിൽ ഒറ്റപ്പെട്ട സേവ്യർ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി രാജേഷിനെയും ഒഴുക്കിൽപ്പെട്ടു കാണാതായി. തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെയും വിഴിഞ്ഞത്തുനിന്ന് മീൻപിടിക്കാൻപോയ അടിമലത്തുറ സ്വദേശി ആന്റണി, പുല്ലുവിള സ്വദേശി എം. ജോൺ എന്നിവരെയും കാണാതായി. കൊല്ലത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളി തമിഴ്‌നാട് പുതിയൂർ മണ്ടയ്ക്കാട് സ്വദേശി അർജുനെ(30)യും കാണാതായി. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമർദ്ദ പാത്തിയാണ് രണ്ടുദിവസത്തെ കനത്തമഴയ്ക്ക് കാരണമായത്.
12 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
• ഞായറാഴ്ചയും കനത്തമഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
പരീക്ഷകൾ മാറ്റിവെച്ചു
• എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചു. നാല്, ആറ് തീയതികളിൽ നടത്താനിരുന്ന രണ്ടാംസെമസ്റ്റർ എം.എ. (സി.എസ്.എസ്.) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മേയ് 2026-ന്റെ പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചു.
• ഞായാറാഴ്ച നടത്താനിരുന്ന സെറ്റ് പരീക്ഷയും ശ്രീനാരായണ ഗുരു ഒാപ്പൺ സർവകലാശാലയുടെ പരീക്ഷകളും മാറ്റിെവച്ചു
• വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തിരഞ്ഞെടുപ്പിന് ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി.
തുറമുഖങ്ങളിൽ ജാഗ്രത
: കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ ശക്തമായ കാറ്റിനും സാധ്യത. ഇതോടെ കേരളത്തിലെ തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ അടയാളം നിലനിർത്താൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം എന്നീ തുറമുഖങ്ങളിലാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും കർണാടകയിലെ കാർവാർ, മംഗളൂരു, പണമ്പൂർ, ഹോണാവർ, ഭട്കൽ, ഗംഗോളി, മാൽപെ എന്നീ തുറമുഖങ്ങളിലും ജാഗ്രത തുടരും.
മധ്യകേരളത്തെ മുക്കിയത് പ്രവചനം തെറ്റിച്ച കനത്ത മഴ
: നാലുമണിക്കൂർ അലറിപ്പെയ്ത കനത്തമഴയാണ് മധ്യകേരളത്തെ ദുരിത്തിലാഴ്ത്തിയത്. വെള്ളിയാഴ്ച രാത്രി 11-നും മൂന്നിനും ഇടയിൽ പമ്പയുടെ തീരങ്ങളിൽ ശരാശരി 300 മില്ലിമീറ്റർ മഴയും മീനച്ചലാറിന്റെ തീരത്ത് 220 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. ഇത്രയും കുറഞ്ഞസമയത്തിനുള്ളിൽ ശക്തമായ മഴപെയ്താൽ നദികൾക്ക് താങ്ങാനാവില്ല. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമർദ്ദ പാത്തിയാണ് രണ്ടുദിവസത്തെ കനത്തമഴയ്ക്ക് കാരണമായത്. ഇതിന്റെ മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു.
പ്രവചനം തെറ്റിച്ച് കുറഞ്ഞസമയത്തിനുള്ളിൽ അതിതീവ്ര മഴയാണുണ്ടായത്. ഒൻപതുജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രിയാണ് മഴ കൂടുതൽ ശക്തമാകുമെന്ന സൂചനയുണ്ടായത്. മറ്റ് മുന്നൊരുക്കങ്ങൾക്കൊന്നും സമയമുണ്ടായില്ല. ഇതോടെയാണ് സ്ഥിതി വഷളായത്.
സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. കൂടുതൽപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. കോഴിക്കോട് ആനക്കാംപൊയിൽ മേഖലയിൽ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴപെയ്തു.
ജാഗ്രതാ നിർദേശം
• രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക.
• ആളൊഴിഞ്ഞ വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
• വനമേഖലകൾക്കിടയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും വാഹനം നിർത്തി വിശ്രമിക്കുകയോ താമസിക്കുകയോ ചെയ്യരുത്.
• അധികൃതർ അനുവദിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളും വിശ്രമകേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ.
• വെള്ളച്ചാട്ടങ്ങൾ, പുഴകൾ, തോടുകൾ, ചെറുകുളങ്ങൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്.
• മഴയെ തുടർന്ന് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി സമയം ചെലവഴിക്കരുത്.
• മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകി വീഴൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം.
• അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ പോലീസ്, ദുരന്തനിവാരണ അതോറിറ്റി അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ അറിയിക്കണം.
അഞ്ചുജില്ലകളിലെ പുഴകളിൽ പ്രളയ സാഹചര്യം
: കനത്തമഴയെത്തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ പോകുന്ന പുഴകളിൽ പ്രളയ സാഹചര്യം. കേന്ദ്രജലകമ്മിഷന്റെ മുന്നറിയിപ്പ് പ്രകാരം പമ്പ, മണിമലയാർ എന്നീപുഴകളിലും സംസ്ഥാന കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം മീനച്ചിലാറ്റിലും പ്രളയമുന്നറിയിപ്പുണ്ട്.
പമ്പയിലെ മാടമൺ സ്റ്റേഷൻപരിധിയിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയായ 100 മീറ്റർ പിന്നിട്ടു. അപകടനിലയായ 101 പിന്നീട്ട് 106 കടന്നു. മണിമലയാറ്റിൽ പുല്ലകയാറിലാണ് അപകടഭീഷണി നിരപ്പുള്ളത്. 96.2 മീറ്ററിൽ മുന്നറിയിപ്പ് പരിധി കഴിഞ്ഞ ഇവിടെ ജലനിരപ്പ് 98.01 പിന്നിട്ടു. ഇവിടെ താഴുന്ന പ്രവണതയാണുള്ളതെന്ന് കമ്മിഷൻ പറയുന്നു.
മാടമണ്ണിൽ ഉയരുകയുമാണ്. സംസ്ഥാനത്തിന്റെ മുന്നറിയിപ്പ് പ്രകാരം മീനച്ചിലാറ്റിൽ അപകടനിരപ്പായ 11.53 മീറ്റർ പിന്നിട്ട് 13.01 വരെയായി. പേരൂർ, നീലിമംഗലം, നാഗമ്പടം, കോടിമത, തിരുവാർപ്പ് എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ട്. മണിമലയാറ്റിൽ പാറയിൽകടവിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്റെതന്നെ കണക്കുകൾപ്രകാരം മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് അപകടനിലയിലാണ്. മൂവാറ്റുപുഴ സ്റ്റേഷനിലെ കണക്കുപ്രകാരം അപകടനിരപ്പായി 11.93 മീറ്റർ പിന്നിട്ട വെള്ളം 13 മീറ്ററും കടന്നിട്ടുണ്ട്. തൊടുപുഴ സ്റ്റേഷനിൽ അപകടനിരപ്പായ 11.79 മീറ്റർകടന്ന് ജലം 12.76 വരെയായി ഉയർന്നു. കളമ്പൂർ സ്റ്റേഷനിൽ മുന്നറിയിപ്പ് നിരപ്പായ 13.01 മീറ്റർ കടന്ന് 13.79 മീറ്റർ വരെയായി.
മന്ത്രിമാർക്ക് ഏകോപനച്ചുമതല
: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ മഴക്കെടുതി സാഹചര്യം വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശിച്ചു. സംസ്ഥാനതല ഏകോപനം മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും.
തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എ.മാരുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തരസാഹചര്യവും നേരിടാൻ സജ്ജരായിരിക്കാനുള്ള നിർദേശം നൽകി. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾറൂമുകളും തുറന്നു.
ധനസഹായം നൽകും
: മരിച്ചവരുടെ കുടുംബാഗങ്ങൾക്കും വീടും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും മതിയായ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു
: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 12 മണിക്കൂറിനിടയിൽ രണ്ടടിയിലധികം വെള്ളമാണ് ഉയർന്നത്. വെള്ളിയാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം അണക്കെട്ടിൽ 111.95 അടി ജലമാണ് ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ആറിന് രേഖപ്പെടുത്തിയിരിക്കുന്നത് 114.01 അടിയാണ്. സെക്കൻഡിൽ 2649 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
തമിഴ്‌നാട് 267 ഘനയടി വെള്ളം അണക്കെട്ടിൽനിന്ന് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് 117.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ തേക്കടിയിൽ 93.2 മില്ലിമീറ്റർ മഴപെയ്തു. ഉൾക്കാട്ടിൽ അടക്കം ശക്തമായ മഴയുള്ളതിനാൽ വരുംമണിക്കൂറുകളിൽ ജലനിരപ്പ് ഉയരുമെന്നുറപ്പാണ്.
Content Highlights: Statewide heavy rainfall leading to 8 confirmed deaths and 7 missing persons., Widespread landslides reported in Kottayam, Idukki, and Kannur districts., Major dams across Kerala opened due to rising water levels., Orange alert issued for 12 districts in Kerala., University exams and physical fitness tests for forest department postponed.
Published: 02 Aug 2026, 06:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented