തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച പകലും കടുത്തചൂടിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഞായറാഴ്ച പാലക്കാട്ട് വീണ്ടും ചൂടുകൂടി 40.1 ഡിഗ്രിയിലെത്തി. പുനലൂരിൽ 39.5 ഡിഗ്രിയും. പാലക്കാട് തിങ്കളാഴ്ചയും 40 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രിയും.

To advertise here,

കടുത്തചൂടിനും ഉഷ്ണത്തിനുമുള്ള മുന്നറിയിപ്പ് തിങ്കളാഴ്ചയിലേക്കും നീട്ടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ എല്ലാ ജില്ലകളിലും നേരിയതോതിലുള്ള മഴ പ്രതീക്ഷിക്കുന്നുണ്ട്. വൈകുന്നേരം ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും 30-ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി.

പാലക്കാട്ട് അഞ്ചുപേർക്ക് സൂര്യതാപമേറ്റു

പാലക്കാട്: ജില്ലയുടെ വിവിധഭാഗങ്ങളിലായി അഞ്ചുപേർക്കു കൂടി സൂര്യതാപമേറ്റു. പെരുമാട്ടി ഗ്രാമപ്പഞ്ചായത്തംഗത്തിനും ലക്കിടിയിലെ ഓട്ടോഡ്രൈവർക്കും കണ്ണിയംപുറം സ്വദേശിനിക്കും വണ്ടിത്താവളം സ്വദേശിയായ ആർമി ഉദ്യോഗസ്ഥനും താവളംസ്വദേശിയായ മധ്യവയസ്‌ക്കനുമാണ് സൂര്യതാപമേറ്റത്.

കണ്ണിയംപുറം ചക്കുള്ളിവീട്ടിൽ ദേവന്റെ ഭാര്യ ജയശ്രീയുടെ (36) തോളിലാണ് പൊള്ളലേറ്റത്. രാവിലെ കിള്ളിക്കാവിൽ തൊഴുതുമടങ്ങുന്നതിനിടെയാണ് തോളിൽ നീറ്റലനുഭവപ്പെട്ടത്. സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെയാണ് പെരുമാട്ടി പഞ്ചായത്തിലെ മൂന്നാംവാർഡ് അംഗം ഷീജ എഴുത്താണിക്ക് (40) വലതുകൈയിൽ സൂര്യതാപമേറ്റത്. ശനിയാഴ്ചപകൽ പഞ്ചായത്തോഫീസിൽനിന്ന് വിളയോടിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് ശരീരത്തിൽ നീറ്റലനുഭവപ്പെട്ടത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വലതുകൈയിൽ പൊള്ളലേറ്റതായി അറിയുന്നത്. തുടർന്ന്, നന്ദിയോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.

അട്ടപ്പാടിയിൽ താവളം സ്വദേശി പഴനിസ്വാമിക്കാണ് (56) സൂര്യതാപമേറ്റത്. പാടവയലിൽ കൃഷിപ്പണിക്കിടെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൈയിലാണ് പൊള്ളൽ.

ലക്കിടിയിലെ ഓട്ടോഡ്രൈവർ മുതുകാട്ടിൽ ജയകൃഷ്ണനാണ് (52) വീടിനുസമീപത്തെ വയലിൽവെച്ച് സൂര്യതാപമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വയലിൽ മേയാൻ വിട്ട പശുക്കളെ തിരിച്ചുകൊണ്ടുവരാൻ പോയപ്പോഴാണ് സംഭവം. മുതുകിലും വയറ്റിലും പൊള്ളലേറ്റ ജയകൃഷ്ണൻ താലൂക്കാശുപത്രിയിൽ ചികിത്സതേടി.

വണ്ടിത്താവളം അലയാറിലെ മുപ്പത്തിയാറുകാരനായ സുനിലിനും സൂര്യതാപമേറ്റു. കഴുത്തിന്റെ പിറകിലും കൈകളിലുമാണ് പൊള്ളലേറ്റത്. ആർമിയിൽ ഉദ്യേഗസ്ഥനായ സുനിൽ അവധിക്ക് നാട്ടിൽ വന്നതാണ്.

മലമ്പുഴയിൽ ചൂട് വീണ്ടും 40.1 ഡിഗ്രി സെൽഷ്യസ്

പാലക്കാട്: മലമ്പുഴയിലെ ചൂട് വീണ്ടും 40.1 ഡിഗ്രി സെൽഷ്യസിലെത്തി. ശനിയാഴ്ച 39.8 ഡിഗ്രി സെൽഷ്യസായിരുന്ന താപനിലയാണ് ഞായറാഴ്ച ഉയർന്നത്. മുണ്ടൂർ ഐ.ആർ.ടി.സി. പ്രദേശത്ത് 38.8 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും 27.8 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. ശനിയാഴ്ച മുണ്ടൂർ ഐ.ആർ.ടി.സി. പ്രദേശത്തെ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസായിരുന്നു.

39.8 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ച പാലക്കാട് ജില്ലയിലെ ശരാശരി താപനില.

കുഞ്ഞുമുഖം സൂര്യതാപമേറ്റ് പൊള്ളി

ആലത്തൂർ: 'കൂട്ടുകാരേ ഇതുകണ്ടോ പൊള്ളിയിരിക്കണത്, അപ്പോ എല്ലാവരും സേഫായിട്ട് വീട്ടിൽത്തന്നെ ഇരിക്കുക, വെയിലത്ത് ഇറങ്ങി നടക്കരുത്' സൂര്യതാപമേറ്റ് പൊള്ളിയ മുഖം കാട്ടി കൂട്ടുകാർക്ക് ഉപദേശം നൽകുന്ന തൃജലിന്റെ വീഡിയോ തരംഗമായിയിരിക്കുകയാണ്. സ്കൂളിന്റെ സാമൂഹികമാധ്യമ ഗ്രൂപ്പിലേക്ക്‌ അയച്ച വീഡിയോ സാമൂഹികമാധ്യമങ്ങളും വാർത്താ ചാനലുകളും ഏറ്റെടുക്കുകയായിരുന്നു.

കുനിശ്ശേരി മാടമ്പാറ പുളുമ്പങ്കാട് സജിലിന്റേയും അശ്വനിയുടേയും മകനായ തൃജൽ (5) കുനിശ്ശേരി എസ്.ആർ.യു.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിയാണ്. കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട്‌ വീട്ടിലെത്തിയ തൃജലിനെ കുളിപ്പിക്കുന്നതിനിടെയാണ് കണ്ണിനു താഴെയും മൂക്കിലും സൂര്യതാപമേറ്റ പാടുകൾ വീട്ടുകാർ കണ്ടത്. വെള്ളിയാഴ്ച രാവിലെ പാടുകൾ പൊള്ളലായി. കുനിശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.

രാത്രിയാണ് അമ്മയും തൃജിലും ചേർന്ന് വീഡിയോ എടുത്തത്. എന്റെ പേര് തൃജൽ എന്ന് സ്വയം പരിചയപ്പെടുത്തി, വെയിലത്ത് ഇറങ്ങിയപ്പോൾ മുഖത്ത് പൊള്ളലേറ്റെന്നും കൂട്ടുകാരെല്ലാം വെയിലത്ത് ഇറങ്ങാതെ സേഫായിട്ട് വീട്ടിലിരിക്കണമെന്നും ആവശ്യപ്പെട്ടാണ് വീഡിയോ. 'ടീച്ചറേ എന്റെ മുഖം പൊള്ളി' എന്നു പറഞ്ഞ് ക്ലാസ് ടീച്ചർക്കും സ്കൂൾ ഗ്രൂപ്പിലും അയച്ചു. പിന്നീട് തൃജലിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

കടുത്ത വേനൽച്ചൂടിൽ കുട്ടികൾ പുറത്തിറങ്ങി കൂട്ടുകൂടി നടക്കുന്നതും കളിക്കുന്നതും കാണാറുണ്ടെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതേക്കുറിച്ച് അവബോധമുണ്ടാകാൻ ചെറിയ ശ്രമമെന്ന് ഉദ്ദേശിച്ചാണ് വീഡിയോ അയച്ചതെന്നു തൃജലിന്റെ പിതാവ് സജിൽ പറഞ്ഞു.