തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി കേരളം സ്വന്തമായി നിയമം നിർമിക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ വൈകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ  കോടതിയുടെ തീർപ്പിനനുസരിച്ച് മാത്രമേ തുടർ നടപടികൾ സാധ്യമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 

To advertise here,

കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന എബിസി (അനിമൽ ബെർത്ത് കൺട്രോൾ) ചട്ടങ്ങൾ സംസ്ഥാനത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നാണ് സർക്കാരിന്റെ നിലപാട്. 1960- ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 38 പ്രകാരം നിലവിൽവന്ന ഈ ചട്ടങ്ങൾ മൃഗസംരക്ഷണത്തിനാണ് മുൻഗണന നൽകുന്നത്. ഈ ചട്ടങ്ങൾ വന്നതിനുശേഷമാണ് രാജ്യവ്യാപകമായി തെരുവുനായ ആക്രമണങ്ങൾ വർധിച്ചതെന്നും ഇത് അടിയന്തരമായി പുനപരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ എബിസി ചട്ടങ്ങൾ സംസ്ഥാന സർക്കാരിന്റെ കൈകളെ ബന്ധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനായി  സംസ്ഥാനത്ത് പ്രഖ്യാപിച്ച എബിസി പദ്ധതികളും നിലവിൽ വലിയ പ്രതിസന്ധിയിലാണ്. എല്ലാ പഞ്ചായത്തുകളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ 20 കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മൂന്ന് ജില്ലകളിൽ ഒരു കേന്ദ്രം പോലും നിലവിലില്ല.

കേന്ദ്ര മാനദണ്ഡങ്ങളിലെ കർശനമായ നിബന്ധനകളാണ് പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് തടസ്സമാകുന്നത്. ഓരോ നായയ്ക്കും പ്രത്യേകം കൂടുകൾ, ശീതീകരിച്ച ഓപ്പറേഷൻ തിയേറ്ററുകൾ, പ്രത്യേക അടുക്കള, അഞ്ചു ദിവസത്തെ നിരീക്ഷണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കാൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും സാധിക്കുന്നില്ല. കൂടാതെ, വെറ്റനറി ഡോക്ടർമാരുടെ കുറവും തിരിച്ചടിയാകുന്നുണ്ട്.

അതേസമയം, തെരുവുനായ്ക്കളുടെ ആക്രമണം മൂലം പൊതുജനം നേരിടുന്ന ദുരിതം അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടികൾ ആക്രമിക്കപ്പെടുകയും പേവിഷബാധ മൂലമുള്ള മരണങ്ങൾ വർധിക്കുകയും ചെയ്യുന്നു. നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും വർധിച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം, വന്ധ്യംകരിച്ച നായ്ക്കളെ അഞ്ചു ദിവസത്തിന് ശേഷം പിടികൂടിയ അതേ സ്ഥലത്ത് തന്നെ തിരികെ വിടണം എന്നത് നിയമത്തിലെ വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.