തിരുവനന്തപുരം: സർക്കാർജീവനക്കാർക്ക് നിശ്ചിതതുക പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് തമിഴ്‌നാട് സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയായ ‘ടാപ്‌സ്’ മാതൃകയും കേരളം പരിഗണിക്കുന്നു. പങ്കാളിത്തപെൻഷനുപകരം ഉറപ്പായ പെൻഷൻ (അഷ്വേർഡ് പെൻഷൻ സ്കീം) പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരിൽനിന്ന് മാസം അടിസ്ഥാനശമ്പളവും ഡിഎയും ചേർന്ന തുകയുടെ 10 ശതമാനം വിഹിതംമാത്രം സ്വീകരിച്ച് അവസാനശമ്പളത്തിന്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് തമിഴ്‌നാട്ടിലെ പദ്ധതി.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെൻഷൻ പദ്ധതി തയ്യാറാക്കുന്നത്. 29-ന് അവതരിപ്പിക്കുന്ന സംസ്ഥാനബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഇതിന്റെ പ്രാഥമികരൂപം പ്രഖ്യാപിച്ചേക്കും. ചട്ടങ്ങൾ വിജ്ഞാപനംചെയ്തശേഷമായിരിക്കും നടപ്പാക്കുക.
കേന്ദ്രം നടപ്പാക്കിയ യൂണിഫൈഡ് പെൻഷൻ പദ്ധതിയും ആന്ധ്രാപ്രദേശിന്റെ ഉറപ്പായ പെൻഷൻ പദ്ധതിയും പഠിക്കുന്നുണ്ട്. ജീവനക്കാർക്ക് കൂടുതൽ പ്രയോജനം തമിഴ്‌നാട് മോഡലാണെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഇപ്പോൾ ജീവനക്കാർ മാസംതോറും 10 ശതമാനം വിഹിതം നൽകുന്നുണ്ട്. ഇത് എൻപിഎസിലാണ് അടയ്ക്കുന്നത്. പങ്കാളിത്തപെൻഷൻ പദ്ധതിയിൽനിന്ന് പിൻമാറുമ്പോൾ ഇതുവരെ അടച്ച വിഹിതം തിരികെക്കിട്ടുമോ, ജീവനക്കാരുടെ വിഹിതം നിക്ഷേപിക്കാൻ എന്തുസംവിധാനം സ്വീകരിക്കണം, പുതിയ പെൻഷൻ പദ്ധതി ബാധകമാക്കേണ്ട നിയമനകാലാവധി എന്നിവയൊക്കെ തീരുമാനിക്കേണ്ടതുണ്ട്. തമിഴ്‌നാട് മാതൃക സ്വീകരിച്ചാലും ഇക്കാര്യങ്ങളൊക്കെ കേരളത്തിലെ സാഹചര്യം വിലയിരുത്തി പരിഷ്കരിക്കേണ്ടിവരും. ജീവനക്കാരുടെ വിഹിതം സ്വീകരിക്കുന്നത് പൊതു അക്കൗണ്ടിന്റെ ഭാഗമായാൽ അത് കടമെടുപ്പ് പരിധിയെ ബാധിക്കും.
തമിഴ്‌നാട് മാതൃക ഇങ്ങനെ
തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീമിന്റെ ചുരുക്കപ്പേരാണ് ‘ടാപ്‌സ്’. നിലവിലുണ്ടായിരുന്ന പങ്കാളിത്ത പെൻഷനുപകരമാണിത്. അവസാനശമ്പളത്തിന്റെ (അടിസ്ഥാനശമ്പളവും ഡിഎയും ചേർന്ന തുക) പകുതി പെൻഷനായി ഉറപ്പാക്കുന്നതാണിത്. ജീവനക്കാർ മാസംതോറും 10 ശതമാനം നൽകണം. പെൻഷൻ ഉറപ്പാക്കാൻ വേണ്ടിവരുന്ന ശേഷിക്കുന്ന ചെലവുമുഴുവൻ സർക്കാർ വഹിക്കും.
പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ കുടുംബപെൻഷനായി അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനവും ലഭിക്കും. ഗ്രാറ്റ്വിറ്റി പരമാവധി 25 ലക്ഷം രൂപയാണ്.
Content Highlights: Kerala Considers Tamil Nadu’s TAPS Model for New Assured Pension Scheme for Govt Employees
Published: 18 Jan 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented