തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തേക്ക് 17,600 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കേരളം വാദിച്ചെങ്കിലും കേന്ദ്രം അനുവദിച്ചത് 8000 കോടിമാത്രം. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം വീണ്ടും കത്തയയ്ക്കും.

To advertise here,

കഴിഞ്ഞ ദിവസമാണ് 8000 കോടി അനുവദിച്ച് കത്തു ലഭിച്ചത്. ഇതിൽ 2500 കോടി രൂപ കടമെടുക്കാൻ കടപ്പത്രങ്ങൾ പുറപ്പെടുവിച്ചു. ചൊവ്വാഴ്ചയാണ് കടപ്പത്രങ്ങളുടെ ലേലം. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാവും. സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ ചെലവുകൾ ഇനിയും വെട്ടിക്കുറയ്ക്കേണ്ടിവരും.

ഇതിനകം പദ്ധതിച്ചെലവുകൾ 50 ശതമാനംവരെ കുറച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഉൾപ്പെടെ മുടങ്ങിയ ആനുകൂല്യങ്ങൾ നൽകാമെന്ന വാഗ്ദാനവും സർക്കാരിന് പാലിക്കാനാവില്ല.

വൈദ്യുതി മേഖലയിൽ പരിഷ്കരണ നടപടികൾ ഏറ്റെടുത്തതിനുള്ള അധികവായ്പയായ 6250 കോടി ഉൾെപ്പടെ 17,600 കോടി രൂപ ജനുവരിമുതൽ മാർച്ച് വരെയുള്ള മൂന്നുമാസത്തേക്ക് അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പി.എഫ്. ഉൾപ്പെടെ ട്രഷറിയിലെ വിവിധതരം നിക്ഷേപങ്ങൾ ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ടും ആഭ്യന്തര വരുമാനവും കണക്കാക്കിയതിലെ തിരുത്തലുകൾക്കനുസരിച്ചാണ് ഇത്രയും തുകയ്ക്കുകൂടി അർഹതയുണ്ടെന്ന് കേരളം വാദിച്ചത്.

എന്നാൽ, കേന്ദ്രം ഇപ്പോൾ നൽകിയ കത്തിൽ 8,000 കോടി രൂപമാത്രം അനുവദിച്ചതിന് കാരണമൊന്നും പറയുന്നില്ല. ഇത് സംബന്ധിച്ച വിശദീകരണവും കേരളംതേടും.