പട്ടാമ്പി: കരിപ്പൂർ വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട്ടെ സ്ഥാപനത്തിൽ പൊളിക്കാൻ തുടങ്ങി. അപകടത്തിൽ പരിക്കേറ്റവരടക്കം വിമാനം കാണാനെത്തുന്നുണ്ട്. അന്ന് വിമാനത്തിലുണ്ടായിരുന്ന കള്ളാടിപ്പറ്റ സ്വദേശിയായ യാത്രക്കാരനും വിമാനം കാണാനെത്തി.

To advertise here,

കഴിഞ്ഞയാഴ്ചയാണ് വിമാനം ഓങ്ങല്ലൂരിലെത്തിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ വിദ്യാർഥികളടക്കം എത്തുന്നുണ്ട്. വിമാനം പൂർണമായും പൊളിക്കുന്നതോടെ രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ അവശിഷ്ടങ്ങൾകൂടി ഇല്ലാതാകും.

2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ വിമാനാപകടം സംഭവിച്ചത്. ദുബായിൽനിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നിറങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിവീണ് മൂന്നായി പിളരുകയായിരുന്നു. 150-ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കേസന്വേഷണഭാഗമായി വിമാനത്തിന്റെ ചില ഭാഗങ്ങൾ സി.ഐ.എസ്.എഫ്. ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു. കോക്പിറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളും ടയറുകളു മാണ് ഓങ്ങല്ലൂരിലെ കാരക്കാട്ട് എത്തിച്ചിട്ടുള്ളത്. രണ്ടുമാസം മുൻപാണ് പ്രദേശത്തെ സ്‌ക്രാപ്പ് വ്യാപാരി ലേലത്തിലൂടെ വിമാനാവശിഷ്ടങ്ങൾ വാങ്ങിയത്. ലോറികളിൽ കൊണ്ടുവന്ന വിമാനഭാഗങ്ങൾ ക്രെയിനുപയോഗിച്ചാണ് ഇറക്കിയത്.