കൂത്തുപറമ്പ്/കണ്ണൂര്‍: നഗരസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാലമോഷണക്കേസില്‍ കൗണ്‍സിലര്‍ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് സിപിഎം നേതൃത്വം. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ നാലാം വാര്‍ഡ് (നൂഞ്ഞമ്പായി) കൗണ്‍സിലറുമായ പി.പി.രാജേഷാണ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകിയുടെ ഒരുപവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പിടിയിലായത്.
തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറാണെങ്കിലും മോഷണം നടന്ന വീട്ടിലുള്ളവര്‍ക്കുള്‍പ്പെടെ സുപരിചിതനാണ് രാജേഷ്. പലപ്പോഴും അതുവഴി പോയിരുന്ന രാജേഷ് കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്. പകല്‍സമയത്ത് വീട്ടില്‍ പലപ്പോഴും ജാനകി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം മനസ്സിലാക്കിയ രാജേഷ് വീട്ടില്‍ ആരും ഉണ്ടാകില്ലെന്ന ഉറപ്പോടെയാണ് മോഷണത്തിനായി ഉച്ചസമയത്തുതന്നെ എത്തിയത്. കാഴ്ചത്തകരാറുള്ള ജാനകി തന്നെ തിരിച്ചറിയില്ലെന്ന പൂര്‍ണബോധ്യത്തോടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ രാജേഷ് വീട്ടിന് പിന്നില്‍നിന്ന് മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ മാല മോഷ്ടിച്ചശേഷം വീട്ടിനകത്തുകൂടെത്തന്നെ പുറത്തിറങ്ങി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.
ഇതിലൂടെ മോഷ്ടാവ് വീടിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണെന്ന് പോലീസ് മനസ്സിലാക്കി. വാഹനം സ്വന്തമായുണ്ടെങ്കിലും സുഹൃത്തിന്റെ വാഹനം തിരഞ്ഞെടുത്തതും രാജേഷിന് തിരിച്ചടിയായി.
മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസിന് ഏറെ സഹായകമായത് ഈ സ്‌കൂട്ടറായിരുന്നു. നമ്പര്‍പ്ലേറ്റ് മറക്കുകയും കറുത്ത പാന്റ്സും ഷര്‍ട്ടും ധരിക്കുകയും ചെയ്തതിലൂടെ പരിചിതരായ ആരെങ്കിലും തന്നെ തിരിച്ചറിയുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും രാജേഷിന് ഉണ്ടായിരുന്നു.
പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ മാല മോഷ്ടിച്ചത് പോലീസിനും വലിയൊരു വെല്ലുവിളിയായി. പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള വീട്ടില്‍ ഇത്തരമൊരു കൃത്യം നടന്നത് നാട്ടുകാര്‍ക്കും ഭീതിയുണ്ടാക്കി. പഴുതടച്ചുള്ള അന്വേഷണമാണ് പിന്നീട് പോലീസ് നടത്തിയത്. നഗരത്തിലെ കിട്ടാവുന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. മോഷ്ടാവാണെന്ന് പൂര്‍ണമായും ഉറപ്പിക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചു.
സിസിടിവിയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ രാജേഷിനെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയാണെന്ന് ഉറപ്പിക്കുന്നതുവരെ പോലീസ് വിവരം പൂര്‍ണമായും രഹസ്യമാക്കിവെച്ചു. പ്രതി മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനും നഗരസഭാ കൗണ്‍സിലറുമായതിനാല്‍ എന്തെങ്കിലും ജാഗ്രതക്കുറവുണ്ടായാല്‍ വന്‍ തിരിച്ചടിയാകുമെന്ന് പോലീസിന് അറിയാമായിരുന്നു. ജാനകിയുടെ കുടുംബവും പാര്‍ട്ടി അനുഭാവികളാണ്. രാജേഷ് അറസ്റ്റിലായതോടെ നിമിഷങ്ങള്‍ക്കകം സിപിഎം പാര്‍ട്ടിയംഗത്വത്തില്‍നിന്ന് രാജേഷിനെ പുറത്താക്കി.
എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ട്രോളുകളാണ് പാര്‍ട്ടിക്കെതിരെ ഉയരുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ പാര്‍ട്ടി കൗണ്‍സിലറുടെ മോഷണം ശക്തമായ ആയുധമാക്കുമെന്ന് സിപിഎമ്മിന് ഉറപ്പാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
രാജേഷ് തിഞ്ഞെടുക്കപ്പെട്ടത് 38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍
നൂഞ്ഞമ്പായി വാര്‍ഡില്‍നിന്ന് 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.പി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ പി.ജിതേഷും ബിജെപിയുടെ വിനോദ് കുമാര്‍ കിനാത്തിയും ടി.കെ.രാജേഷ്, പി.വിനോദ് എന്നീ സ്വതന്ത്രരുമാണ് വാര്‍ഡില്‍ മത്സരിച്ചത്. രാജേഷിന് 492 വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി വിനോദ് കുമാര്‍ കിനാത്തിക്ക് 454 വോട്ടും കിട്ടി. 28 വാര്‍ഡുള്ള കൂത്തുപറമ്പ് നഗരസഭയില്‍ എല്‍ഡിഎഫ്-25, യുഡിഎഫ്- ഒന്ന്, എന്‍ഡിഎ- ഒന്ന്, മറ്റുള്ളവര്‍- ഒന്ന് എന്ന നിലയിലാണ് കക്ഷിനില.
കവര്‍ന്നത് താലിമാല
പോലീസ് സ്റ്റേഷനിലെത്തി താലി കണ്ടപ്പോഴാണ് സമാധാനമായതെന്ന് പി.ജാനകി. താലിമാലയാണ് കൊണ്ടുപോയത്. മോഷ്ടാവിനെ കാണിച്ചുതരാമോന്ന് പോലീസിനോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞു.
വീടൊക്കെ അറിയുന്ന ആളാണ് രാജേഷ്. ബൈക്കില്‍ ഇതുവഴിയൊക്കെ പോകാറുണ്ട്. പരിചയമൊന്നുമില്ല. താന്‍ മീന്‍ വൃത്തിയാക്കുന്നതിനിടെ ഹെല്‍മെറ്റിട്ടാണ് ഒരാള്‍ കയറിവന്നത്. ഇതെന്താ ഹെല്‍മെറ്റ് മാറ്റാതെ കയറിവന്നതെന്ന് ചോദിക്കുമ്പോഴേക്ക് കഴുത്തില്‍ പിടിച്ചിരുന്നു. പിന്നെ ഒന്നും പറയാനായില്ല. വിടുമ്പോഴേക്ക് എന്റെ മാല കൊണ്ടുപോയെന്ന് പറഞ്ഞ് നിലവിളിച്ചു. എന്റെ കാലുമായി അങ്ങനെ ഓടാന്‍ പറ്റില്ലെങ്കിലും പറ്റുന്നതുപോലെ പിന്നാലെ ഓടി. ശബ്ദം കുറവായതുകൊണ്ട് നിലവിളിച്ചതും ആരും കേട്ടില്ലായിരുന്നു. പിന്നെയാണ് അയല്‍വാസികള്‍ കേട്ടത്- ജാനകി പറഞ്ഞു. വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പരേതനായ നാണുവിന്റെ ഭാര്യയാണ്. ടാക്‌സി ഡ്രൈവറായ മകന്‍ സുധി, ഹോട്ടല്‍ ജീവനക്കാരിയായ മരുമകള്‍ സജില എന്നിവരൊക്കെ പുറത്തായിരുന്നു. വിദ്യാര്‍ഥികളായ കൊച്ചുമക്കള്‍ സ്‌കൂളിലും.
Content Highlights: A CPM municipal councillor in Kerala has been arrested for stealing a gold chain from an elderly woman`s house. The incident has shocked the party ahead of local body elections.
Published: 19 Oct 2025, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented