കാഞ്ഞങ്ങാട്: സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് നൽകി അധ്യാപക രക്ഷാകർത്തൃസമിതി. അജാനൂർ ഗ്രാമപ്പഞ്ചായത്തിലെ വേലാശ്വരം ഗവ.യു.പി.സ്‌കൂളിലെ കുട്ടികൾക്കാണ് പി.ടി.എ. വക ബാഗ് കിട്ടിയത്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 300 കുട്ടികളുണ്ട്. ഒരു ബാഗിന് 650 രൂപയോളം വിലമതിക്കും. മൊത്തമായി വാങ്ങിയപ്പോൾ ഏതാണ്ട് ഒന്നരലക്ഷം രൂപയായി.

To advertise here,

നാട്ടിലെ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളുമെല്ലാം പി.ടി.എ.എയ്ക്ക് സഹായകമായെത്തിയതോടെയാണ് ഫണ്ട് റെഡിയായത്. സ്കൂളിൽ ചില കുട്ടികൾ നല്ല ബാഗ് കൊണ്ടു വരുമ്പോൾ മറ്റു ചിലരുടെ കൈകളിൽ വില കുറഞ്ഞ ബാഗുകളായിരിക്കും. കുട്ടികൾക്കിടയിൽ ഏറ്റക്കുറച്ചിലുകളില്ലാതിരിക്കാൻ സ്‌കൂൾ ബാഗിന്റെ കാര്യത്തിൽ ഒരു ഏകീകൃത സ്വഭാവമുണ്ടാക്കുകയെന്നതായിരുന്നു പി.ടി.എ. കമ്മിറ്റിയുടെ ആലോചന. ആശയം ചർച്ചയ്‌ക്കെടുത്തപ്പോൾ ഒറ്റക്കെട്ടായ തീരുമാനമുണ്ടായി. പിന്നാലെ പണം സ്വരുക്കൂട്ടാനുള്ള യജ്ഞത്തിലേർപ്പെട്ടു. ഒരേ നിറത്തിലും ഒരേ മേന്മയിലുമുള്ള ബാഗുകളെത്തിച്ച് ഇനി മുതൽ ഈ ബാഗ് മാത്രമേ സ്‌കൂളിലേക്ക് കൊടുത്തയക്കാൻ പാടുള്ളൂവെന്ന് അധ്യാപകരും പി.ടി.എ.അംഗങ്ങളും രക്ഷിതാക്കൾക്ക് നിർദേശവും നൽകി.

ഏറ്റവും മാതൃകാപരമെന്ന് വിശേഷിപ്പിച്ച് ബാഗ് വിതരണം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് പി. വിനോദ് അധ്യക്ഷനായി. വാർഡ് മെമ്പർ കെ. വി. സുകുമാരൻ, പ്രഥമധ്യാപകൻ ടി.വിഷ്ണുനമ്പൂതിരി,പി.ടി.എ വൈസ് പ്രിസിഡന്റ് കെ. വി. സുനിൽകുമാർ, എസ്.എം. സി ചെയർമാൻ പി. പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ. ഉമാദേവി സ്റ്റാഫ് സെക്രട്ടറി എൻ. ശോഭന എന്നിവർ സംസാരിച്ചു.