കോഴിക്കോട്: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിന് 29 മുതൽ എൽ.എച്ച്.ബി. കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. പുതിയ കോച്ചുകളെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെങ്കിലും സീറ്റുകളുടെ എണ്ണം കുറയും. 21 ഐ.സി.എഫ്. കോച്ചുകളുമായാണ് നിലവിൽ ജനശതാബ്ദിയുടെ സർവീസ്. ഇവ എൽ.എച്ച്.ബി. കോച്ചുകളായി മാറും. 16 ചെയർകാറുകളും മൂന്ന് എ.സി. ചെയർകാറുകളും അടങ്ങിയ നിലവിലെ കോച്ചുകൾ അതേപടിയാണ് എൽ.എച്ച്.ബി.യിലക്ക് മാറുന്നത്. എന്നാൽ, നിലവിലുള്ള രണ്ട് എസ്.എൽ.ആർ. കോച്ചുകൾക്ക് പകരം ഒരു എസ്.എൽ.ആർ. കോച്ചും ഒരു ജനറേറ്റർ, ലഗേജ് കം ബ്രേക് വാനുമാണ് എൽ.എച്ച്.ബി. റേക്കിൽ ഉണ്ടാവുക.

To advertise here,

നിലവിൽ 16 ചെയർകാറുകളിലായി 106 സീറ്റുകൾ വീതം 1696 പേർക്കും രണ്ട് എസ്.എൽ.ആർ. കോച്ചുകളിലായി 160 പേർക്കും യാത്രചെയ്യാം. ആകെ 1856 സീറ്റുകൾ. പുതിയ എൽ.എച്ച്.ബി. റേക്കിലെ 16 ചെയർകാറുകളിലായി 102 വീതം 1632 സീറ്റുകളാണുള്ളത്. ഒരു എസ്.എൽ.ആർ. കോച്ചിൽ 31 പേർക്ക് യാത്രചെയ്യാം. ആകെ 1663 സീറ്റുകൾ. 193 സീറ്റുകളുടെ കുറവ്. അതേസമയം, എ.സി. ചെയർകാറിൽ നിലവിൽ മൂന്ന് കോച്ചുകളിലായുള്ള 219 സീറ്റുകൾ 234 ആയി ഉയരും. സീറ്റുകളുടെ കുറവിന് പരിഹാരമായി 17 ചെയർകാറുകൾ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.