കൊച്ചി: രാജ്യത്തെ മുൻനിര സ്വർണപ്പണയ എൻ.ബി.എഫ്.സികളുടെ കൈവശമുള്ളത്, ലോകത്തെ പല കേന്ദ്ര ബാങ്കുകളേക്കാളും കൂടുതൽ സ്വർണം. കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുംബൈ ആസ്ഥാനമായ ഐ.ഐ.എഫ്.എൽ. ഫിനാൻസ് എന്നീ മൂന്ന് ലിസ്റ്റഡ് സ്വർണവായ്പാ കമ്പനികളുടെ ആകെ സ്വർണശേഖരം 2025-26 സാമ്പത്തികവർഷം 20 ടൺ വർധിച്ച് 334 ടണ്ണിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക വർധനയാണിത്.

To advertise here,

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം യു.കെ.യുടെ കേന്ദ്രബാങ്കിന്റെ സ്വർണശേഖരം 310 ടണ്ണാണ്. കൂടാതെ ബ്രസീൽ (172 ടൺ), സിങ്കപ്പൂർ (194 ടൺ) ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളെയും ഈ മൂന്ന് കമ്പനികൾ സ്വർണശേഖരത്തിൽ പിന്നിലാക്കി.

മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, ഐ.ഐ.എഫ്.എൽ. ഫിനാൻസ് എന്നിവയുടെ സംയോജിത സ്വർണശേഖരം രാജ്യത്തിന്റെ വാർഷിക സ്വർണ ഇറക്കുമതിയുടെ ഏതാണ്ട് 46 ശതമാനത്തിന് തുല്യമാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുശതമാനം കുറഞ്ഞ് 721 ടണ്ണിലെത്തിയിരുന്നു.

ഈ കാലയളവിൽ ഐ.ഐ.എഫ്.എലിന്റെ പക്കലുള്ള സ്വർണം 19 ടൺ വർധിച്ച് 60 ടണ്ണിലേക്കെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണശേഖരം മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ടൺ കുറഞ്ഞ് 209 ടണ്ണായി. മണപ്പുറം ഫിനാൻസിന്റെ പക്കലുള്ള സ്വർണം ഏഴ് ടൺ വർധിച്ച് 63 ടണ്ണിലുമെത്തി.