
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ്?... സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വൃത്തിയുടെ അടിസ്ഥാനത്തിൽ റാങ്ക് നൽകാൻ സർവേനടത്തുന്നു. നിലവിൽ 17-മുതൽ 23-വരെയാണ് ‘സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ 2025’ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
വീടുകൾ, വില്ലേജുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ വൃത്തിയാണ് സർവേയിൽ പരിശോധിക്കുക. രാജ്യത്തെ വിവിധ അംഗീകൃത ഏജൻസികൾവഴിയാണ് സർവേ. തദ്ദേശവകുപ്പ്, ശുചിത്വമിഷൻ എന്നിവയാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇന്ത്യയിലൊട്ടാകെ 761 ജില്ലയിലായി 21,000 വില്ലേജുകളിൽ പരിശോധന നടത്തും. 3,36,000 വീടുകൾ, 1,05,000 പൊതു ഇടങ്ങൾ എന്നിവ ഇതിലുൾപ്പെടും. ഓരോജില്ലയിലും ചുരുങ്ങിയത് 20 വില്ലേജുകൾ പരിശോധിക്കും. ജനസംഖ്യക്ക് ആനുപാതികമായി വില്ലേജുകളുടെ എണ്ണം കൂടും. സംസ്ഥാനത്ത് ഏകദേശം 450 വില്ലേജുകളിലായിരിക്കും പരിശോധന. വൃത്തിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മാർക്ക് നൽകുക. ആകെ 1000 മാർക്കാണ്.
ഓരോ ഗ്രാമപ്പഞ്ചായത്തിലെയും തിരഞ്ഞെടുക്കുന്ന 20 മുതൽ 30 വരെ വീടുകളിൽ നേരിട്ടെത്തി പരിശോധിക്കും. വീടുകളിൽ ശുചിത്വസൗകര്യം ഉണ്ടോ, വെളിയിടവിസർജ്യമുക്തമാണോ, കൈകഴുകാനുള്ള സൗകര്യം, മാലിന്യസംസ്കരണം, മലിനജലം എന്താണുചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. കേന്ദ്രസർക്കാർ പലയിടത്തും വീടുകളിൽ കക്കൂസ് സൗകര്യം ഒരുക്കിയിരുന്നു. അതും പരിശോധിക്കും. പൊതു ഇടങ്ങളിൽ എത്രത്തോളം വൃത്തിയുണ്ട്, മാലിന്യം വലിച്ചെറിയുന്നത് കുറവാണോ, മലിനജലത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കും. ഗ്രാമപ്പഞ്ചായത്തുകളുടെ നിലവിലെ ജൈവ-അജൈവ-ദ്രവ മാലിന്യ സംസ്കരണ ഉപാധികളും അവയുടെ പ്രവർത്തനവും വിലയിരുത്തും. ശൗചാലയമാലിന്യ സംസ്കരണം, ജൈവമാലിന്യസംസ്കരണത്തിനുള്ള ഗോബർധൻ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം പ്രത്യേകം പരിശോധിക്കും. രാജ്യത്തൊട്ടാകെയുള്ള 1971 പ്ലാസ്റ്റിക് മാലിന്യസംസ്കരണയൂണിറ്റ്, 875 ഗോബർധൻ പ്ലാന്റ്, 983 ശൗചാലയപ്ലാന്റ് എന്നിവയെല്ലാം പരിശോധിക്കപ്പെടും.
പൊതുജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായമറിയാൻ സിറ്റിസൺ ഫീഡ്ബാക്ക് മൊബൈൽ ആപ്ലിക്കേഷനും (സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2025) ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങൾക്ക് നേരിട്ട് വിവരംനൽകാനാകും. സർവേക്കുശേഷം വൃത്തികുറഞ്ഞയിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കും.
Content Highlights: swachh survekshan grameen 2025
Published: 11 Jun 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented