
കുറച്ചുനാള്‍ മുമ്പ് രോഗാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ വാട്സാപ്പില്‍ രജീന്ദ്രകുമാറിന്റെ മറുപടി വന്നു. 'നല്ല ക്ഷീണമുണ്ട്, മിക്കപ്പോഴും കിടപ്പാണ്.' പക്ഷേ ആശുപത്രിക്കിടക്കയില്‍ പോലും രജീന്ദ്രകുമാര്‍ വരച്ചു കൊണ്ടിരുന്നു. തളര്‍ച്ച കൂടിയപ്പോള്‍ തന്റെ ശേഖരത്തില്‍ നിന്ന് ആ ദിവസത്തെ കാര്‍ട്ടൂണിന് ചിത്രം തിരഞ്ഞെടുത്ത് ചേരുന്ന വാചകങ്ങള്‍ ഭാര്യ മിനിയോട് പറഞ്ഞുകൊടുക്കുമായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ട് ആയതോടുകൂടി മെസ്സേജുകളിലൂടെ ആയിരുന്നു സുഹൃത്തുക്കളുമായുള്ള സംഭാഷണം.
ജോലിത്തിരക്കുകള്‍ തീര്‍ന്ന ശേഷം മാതൃഭൂമിയില്‍ പരസ്യ വിഭാഗത്തിലെ ഒരു ക്യൂബിക്കിളില്‍ ഇരുന്ന് അന്നത്തെ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന രജീന്ദ്രകുമാര്‍ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ദീര്‍ഘകാലം മലയാളിയെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണ്‍ പംക്തിയായിരുന്നു മാതൃഭൂമി പത്രത്തില്‍ രജീന്ദ്രകുമാര്‍ വരച്ചു കൊണ്ടിരുന്ന എക്സിക്കുട്ടന്‍. മലയാളത്തിലെ പത്ര ലോകത്ത് ഇത്രത്തോളം കാരിക്കേച്ചറുകളും മറ്റാരും വരച്ചിട്ടില്ല. മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജിലെ 'കേട്ടതും കേള്‍ക്കേണ്ടതും' പംക്തിയില്‍ ദീര്‍ഘ കാലമായി വരുന്ന കാരിക്കേച്ചറുകള്‍ കാണാത്ത മലയാളി ഉണ്ടാവില്ല. കേരളീയ പൊതുസമൂഹത്തിലെ മിക്കവാറും എല്ലാവരുടെയും ചിത്രങ്ങള്‍ രജീന്ദ്രകുമാര്‍ വരച്ചിട്ടുണ്ട്. വരയുടെ പിന്നില്‍ ചുറ്റുമുള്ള ലോകത്തെയും വ്യക്തികളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. എക്സിക്കുട്ടനിലെ ഒരു ഒറ്റ കോളത്തിലേക്ക് ചുറ്റുമുള്ള ലോക വിഷയങ്ങളെല്ലാം ഓരോ ദിവസവും വന്നു കൊണ്ടിരുന്നു, റേഷന്‍ കടയിലെ വിഷയം മുതല്‍ ഗാസ വരെ. അതിനൊപ്പം തന്നെ ലോകവേദികളില്‍ ശ്രദ്ധ നേടിയ കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും ആ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നു. മാതൃഭൂമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളിലും ഏറെക്കാലം വരച്ചു.
പലരും കാര്‍ട്ടൂണ്‍ - കാരിക്കേച്ചര്‍ രംഗത്ത് ശൈലി മാറാതെ തുടര്‍ന്നപ്പോള്‍ വ്യത്യസ്തനായിരുന്നു രജീന്ദ്രകുമാര്‍. വരയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം കുറച്ചു കാലമായി വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് അന്തര്‍ദേശീയ ശൈലി ഉണ്ടായിരുന്നു. ആഗോളതലത്തിലെ പ്രശസ്ത കാരിക്കേച്ചറുകള്‍ക്ക് ഒപ്പം നില്‍ക്കുന്നവയായിരുന്നു പലതും. ആ കലാസപര്യയ്ക്ക് നിരവധി പുരസ്കാരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്തി. ബ്രസീലിലെ ഇന്റര്‍ നാഷണല്‍ ഹ്യൂമര്‍ സലോണ്‍, റുമാനിയയിലെ ഗ്രാഫിക് ഹ്യൂമറസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ഈജിപ്തിലെ അല്‍അസര്‍ ഫോറത്തിന്റെ കാര്‍ട്ടൂണ്‍ മത്സരം, ഈജിപ്റ്റിലെ അല്‍ അസര്‍ ഫോറം സംഘടിപ്പിച്ച മത്സരം...പലതിലും സമ്മാനിതനായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിറിയയിലെ ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ജൂറി അംഗവുമായിരുന്നു അദ്ദേഹം.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ട്ടൂണ്‍ മേളയായ കാരിട്ടൂണിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് നടന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലും രജീന്ദ്രകുമാര്‍ പങ്കെടുത്തിരുന്നു. രോഗത്തിന്റെ തളര്‍ച്ചയ്ക്കിടയിലും മുറിഞ്ഞു പോവാതെ സൂക്ഷിച്ച ആ വര ഇപ്പോള്‍ മാഞ്ഞിരിക്കുന്നു. ആദരാഞ്ജലികള്‍.
Content Highlights: In the memory of Cartoonist Rajeendra Kumar
Published: 25 Dec 2023, 05:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented