പ്രതീകാത്മക ചിത്രം
കോട്ടയം: നഗരസഭയുടെ അറിയിപ്പ് അനുസരിച്ച് കരം അടയ്ക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് നഗരസഭാ അധികൃതരുടെ പരിഹാസവും അവഗണനയും. കോട്ടയം കുമാരനല്ലൂര്‍ ഏഴാം വാര്‍ഡിലെ നീലാഞ്ജനം വീട്ടില്‍ കെ.വി. ബീനാറാണിയാണ് ഈ വിധത്തില്‍ അപഹാസ്യപ്പെട്ടത്.
ഈ വര്‍ഷത്തെ വീട്ടുകരമായ 2000 രൂപയുടെ തുക രേഖപ്പെടുത്തിയ ഒരു നോട്ടീസ് വീട്ടില്‍ കിട്ടിയത് അനുസരിച്ചാണ് ബീനാറാണി കോട്ടയം നഗരസഭയുടെ കുമാരനല്ലൂര്‍ ഓഫീസില്‍ എത്തിയത്. കൃത്യമായി പണം സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരില്ല. അവസാനം ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം കൗണ്ടറിലിരുന്ന ക്ലാര്‍ക്ക് നോട്ടീസ് നോക്കിയിട്ട് പറയുന്നു.''പണം അടയ്ക്കാന്‍ സൂപ്രണ്ടിന്റെ അനുവാദം വാങ്ങണമെന്ന്.'' കാര്യം നടക്കണമല്ലോയെന്ന് കരുതി മൗനമായി കാത്തുനിന്നു. അവസാനം സൂപ്രണ്ടിന്റെ മുന്നില്‍ ചെന്നു. അവരെ കാണാനാണ് ഒരാള്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് പോലുമുള്ള മട്ടില്ല സൂപ്രണ്ടിന്. അവര്‍ ഗൗനിക്കുന്നതേയില്ല. 15 മിനിറ്റ് നിന്നപ്പോഴേക്കും ക്ഷമനശിച്ചു.
അതോടെ രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി. ഭവനഭേദനം നടത്തിയ ഒരാളെന്ന മട്ടിലാണ് സൂപ്രണ്ടിന്റെ പെരുമാറ്റം. പിന്നെ ഒരു ആക്രോശമാണ്. ''ഒച്ചവെക്കേണ്ട ആവശ്യമില്ല'' എന്ന് തിരിച്ച് മറുപടി പറഞ്ഞതോടെ പിന്നെയും ശിക്ഷയായി 15 മിനിറ്റുകൂടി അവിടെ നിര്‍ത്തി. ഒടുവില്‍ അടുത്തിരുന്ന യുവതിയെ നോക്കി. ഒരു മിനിറ്റ് കൊണ്ട് അവര്‍ കംപ്യൂട്ടര്‍ നോക്കി പണമടച്ചോളാന് അനുവാദം കൊടുത്തു. ആ അനുവാദം കിട്ടിയതും കൗണ്ടറില്‍ ചെന്നപ്പോള്‍ ആളുകളുടെ നീണ്ട നിര. ഒടുവില്‍ ഊഴം വന്നപ്പോള്‍ കൗണ്ടര്‍ ക്ലാര്‍ക്ക് പറയുന്നു.''2000 രൂപയല്ല. 10,000 അടയ്ക്കണം''. മുന്‍കാല പ്രാബല്യത്തോടെ കരം കൂട്ടി പോലും. അതുകൊണ്ട് അടയ്ക്കേണ്ട തുക അഞ്ചിരട്ടിയായി. കൈയില്‍ അത്രയും തുകയില്ല.
ചെക്കായി അടയ്ക്കാന്‍ തയ്യാറായപ്പോള്‍ പറയുന്നു, അതിനും അനുവാദം വേണമെന്ന്. അവസാനം ഒരു തരത്തില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വീട്ടില്‍ വന്ന് കരം പിരിച്ചോളാമെന്ന് ഉറപ്പുനല്‍കി. എന്നിട്ടും നഗരസഭയില്‍നിന്ന് ബന്ധപ്പെട്ടവര്‍ ആരും പണം വാങ്ങാന്‍ വന്നില്ല. വന്നാല്‍ തന്നെ കരം ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കിയ തുക നല്‍കേണ്ടതുണ്ടോയെന്നാണ് ഇപ്പോള്‍ ഈ വീട്ടമ്മയെ കുഴക്കുന്ന വലിയ പ്രശ്നം. അധികൃതരുടെ മോശം പെരുമാറ്റത്തില്‍ കൗണ്‍സിലര്‍മാരോട് വാക്കാല്‍ പരാതിപ്പെട്ടിരുന്നു ബീനാറാണി.
Content Highlights: housewife was neglected by the municipal authorities
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..