കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അതിക്രമം നടത്തുന്ന ഒരാളും സർവ്വീസിൽവേണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.  ഇത്തരക്കാരെ സർവ്വീസിൽനിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി, വിഷയം വളരെ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

To advertise here,

'ബീച്ച് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. വ്യാഴാഴ്ചയാണ് ആശുപത്രി അധികൃതർക്ക് പരാതി കിട്ടിയത്. ഫിസിയോതെറാപ്പിസ്റ്റായ ഒരാൾ പെൺകുട്ടിയുടെ ശരീരഭാ​ഗങ്ങളിൽ ദുരുദ്ദേശപരമായി തൊട്ടുവെന്നും അത്രിക്രമത്തിന് ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആശുപത്രിയിലെ ഇന്റേണൽ കംപ്ലെയിന്റ് കമ്മറ്റി പരാതി പരിശോധിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു', വീണ ജോർജ് കൂട്ടിച്ചേർത്തു.  

ഒരുമാസമായി ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തുന്ന പെൺകുട്ടിയാണ് പരാതിക്കാരി. പെൺകുട്ടിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ മറ്റൊരു ഫിസിയോതെറാപ്പിസ്റ്റാണ് ചികിത്സ നൽകാനെത്തിയത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പറയുന്നത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. 

തുടർന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിർദേശത്തെ തുടർന്ന് ഇയാളെ പിന്നീട് സസ്പെൻഡ് ചെയ്തു.