മലപ്പുറം: 'എന്റെ കയ്യില്‍ 25 രൂപ എടുക്കാന്‍ ഇല്ലായിരുന്നു, ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി ആ പണം കൊടുത്തു...' മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍. പല വിഷമങ്ങള്‍ക്കിടയിലും ലോട്ടറി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവർ. 

To advertise here,

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. 'നിങ്ങള്‍ക്കാര്‍ക്കെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കണോ എന്ന് പ്രദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത് വന്ന് ചോദിച്ചു. എന്താ വില എന്ന് ചോദിച്ചപ്പോള്‍ 250 രൂപ..അത്രയും തുകയ്ക്ക് എടുക്കാന്‍ പറ്റില്ല. 50 രൂപ വച്ച് പങ്കിട്ട് എടുക്കാമെന്ന് തീരുമാനിച്ചു. അപ്പോള്‍ പഴ്‌സ് നോക്കുമ്പോള്‍ 50-ഉം ഇല്ല കയ്യില്‍. അങ്ങിനെയാണ് 25 രൂപ വച്ച് എടുക്കാമെന്ന് തീരുമാനിക്കുന്നത്‌', ഭാ​ഗ്യശാലികളിലൊരാളായ പാര്‍വതി പറഞ്ഞു.

പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു.  250 രൂപയായിരുന്നു ടിക്കറ്റ് വില.  ഇത്തവണ 27 ലക്ഷം മൺസൂണ്‍  ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.