തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതില്‍ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍. മാര്‍ച്ച് 24-ന് കാലാവധി അവസാനിച്ച ജ്യൂസാണ് ഇന്ന് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്. ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ പാകംചെയ്യുന്ന മോശം ഇടങ്ങളെക്കുറിച്ചും പഴകിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ചും വാര്‍ത്തകള്‍ വന്നതിന്റെ അലയൊലികള്‍ അടങ്ങുംമുമ്പാണ് വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. 

To advertise here,

വ്യാഴാഴ്ച മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിലാണ് കാലാവധി കഴിഞ്ഞ ജ്യൂസ് പാക്കറ്റുകള്‍ വിതരണം ചെയ്തത്. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച, അതായത് കാലാവധി അവസാനിച്ച് രണ്ടുമാസത്തോളമായ പാനീയമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. ഭക്ഷണത്തിനടക്കം നല്ലൊരു തുക മുടക്കി യാത്രചെയ്യുന്നവരോടാണ് റെയില്‍വേ ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. 

നേരത്തെ, വന്ദേഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു. എന്നിട്ടും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ റെയില്‍വേ സ്വീകരിച്ചിട്ടില്ല. എത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും തിരുത്തലുകള്‍ക്ക് തയ്യാറാവില്ല, ജനങ്ങളുടെ ആരോഗ്യത്തിന് ഒരു വിലയും കല്‍പിക്കില്ല എന്ന തരത്തിലാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു.