തിരുവനന്തപുരം:  സിഐടിയു പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്തില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിഐടിയു പ്രവര്‍ത്തകര്‍ രാജ്ഭവന്റെ മുന്നില്‍ സമരത്തിലായിരുന്നുവെന്നും അവര്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ലെന്നുമാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പണിമുടക്കില്‍ വലഞ്ഞ് മരിച്ച യാത്രക്കാരന്‍ ടി. സുരേന്ദ്രന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നത്. 

To advertise here,

എന്നാല്‍ സമരത്തിന് കാരണമായ സംഘര്‍ഷം നടന്ന സ്ഥലത്ത് സിഐടിയു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തുകയും ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

സമരത്തിന് ആരും ആഹ്വാനം നല്‍കിയിരുന്നില്ലെന്ന് യൂണിയന്‍ നേതാക്കളും സര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴാണ് തെളിവുകള്‍ പുറത്തുവരുന്നത്. വിഷയത്തില്‍ അന്വേഷണം നടക്കുന്ന സമയത്ത് തന്നെയാണ് തെളിവുകള്‍ പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം. 

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് മണിക്കൂറുകളോളം സമരം നടത്തിയിട്ടും സര്‍ക്കാര്‍ നടപടി വൈകിയെന്നതാണ് ഉയരുന്ന വിമര്‍ശനം. 

കെ.എസ്.ആര്‍.ടി.സി എടിഒയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമരം തുടങ്ങിയത്. നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ ബസ്സുകള്‍ നിര്‍ത്തിയിട്ടു. അതുകൊണ്ട് തന്നെ കൃത്യമായ ആഹ്വാനമില്ലാതെ ജീവനക്കാര്‍ ഇത് ചെയ്തുവെന്ന് കരുതാന്‍ കഴിയില്ലെന്നാണ് എതിര്‍ വാദം. 

ഇതിനിടെയാണ് സിഐടിയുക്കാരെ ന്യായീകരിച്ച് മന്ത്രി രംഗത്ത് വന്നത്. അവര്‍ ഈ സമരത്തിന്റെ ഭാഗമേയായിരുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. 

സമരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്. വിഷയത്തില്‍ പോലീസിനും യൂണിയന്‍ നേതൃത്വങ്ങളുടെ ഭാഗത്തും തെറ്റുകള്‍ സംഭവിച്ചുവെന്നാണ് ആരോപണങ്ങള്‍. 

Content Highlights: evidence proves that CITU involved in KSRTC flash Strikee