
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ബദല്‍ അല്ലെന്നും കുട്ടികളെ പഠനബോധന പ്രക്രിയയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. സമഗ്രശിക്ഷയുടെ കണക്കെടുപ്പ് പ്രകാരം രണ്ടര ലക്ഷത്തോളം കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഇവരിലേക്ക് കൂടി എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. കൈറ്റ് വികടേഴ്‌സ് ചാനലിലൂടെയും വെബ്‌സൈറ്റ് വഴിയുമാണ് പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലുള്ള കുട്ടികള്‍ക്കായാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം സി.ബി എസ് ഇ, ഐ സി എസ് സി സിലബസുകാര്‍ക്ക് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരിക്കും പഠനം. ആദിവാസി മേഖലകളില്‍ ഒരാഴ്ചക്കുള്ളില്‍ പഠനസൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ബദല്‍ ആയ മാര്‍ഗം അല്ല. എന്നാല്‍ കുട്ടികളെ പഠനബോധന പ്രക്രിയയുടെ ഭാഗമായി നിലനിര്‍ത്തുകയാണ് ഈ പ്രക്രിയയിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സമഗ്രശിക്ഷയുടെ കണക്കെടുപ്പ് പ്രകാരം രണ്ടര ലക്ഷത്തോളം കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കാന്‍ സാധിക്കില്ല. ആദിവാസി മത്സ്യത്തൊഴിലാളി മേഖലകളില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
ഈ മേഖലകളിലേക്ക് വിദ്യാഭ്യാസം എത്തിക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ നിലവില്‍ ലഭ്യമായിട്ടുള്ള സാഹചര്യങ്ങളിലൂടെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി മനസിലാക്കി അവരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളിലൂടെ എത്രകുട്ടികളിലേക്ക് ഈ ക്ലാസുകള്‍ എത്തി എന്നത് സംബന്ധിച്ച് സ്‌കൂള്‍ തലത്തില്‍ ആദ്യഘട്ടത്തില്‍ കണക്കെടുത്തതിന് ശേഷം തദ്ദേശസ്വയംഭരണ,സ്ഥാപനങ്ങള്‍, കുടുംബശ്രീകളടക്കമുള്ള വിവിധ ഏജന്‍സികളുടെ സഹായത്തോടെയായിരിക്കും മറ്റ് കുട്ടികളിലേക്ക് എത്തിക്കുക.
ജൂലൈമാസത്തില്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളു. അതുവരേയും വിദ്യാര്‍ഥികളെ പഠനബോധന പ്രക്രിയയുടെ ഭാഗമാക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. നിലവില്‍ കേബിള്‍ ഓപ്പറേറ്റേഴ്‌സില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ ലഭ്യമാണ്. ഡിടിഎച്ചുകളില്‍ കൂടി ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിവി ലഭ്യമല്ലെങ്കില്‍ക്കൂടി ഓണ്‍ലൈനിന്റെ മറ്റ് മാര്‍ഗങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരാം.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകാര്‍ക്ക് അരമണിക്കൂറും എട്ട് ഒന്‍പത് ക്ലാസുകളില്‍ ഒരു മണിക്കൂറും പത്താംക്ലാസിന് ഒന്നരമണിക്കൂറും പന്ത്രണ്ടാംക്ലാസിന് രണ്ട് മണിക്കൂറുമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സി ബി എസ് ഇ ഐ സി എസ് ഇ സിലബസ് ഉള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തലത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ സിലബസുകളും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല.
സ്‌കൂള്‍വിദ്യാഭ്യാസത്തിന് പകരമല്ല, പകരം പിന്തുണച്ച് പോകുന്ന സംവിധാനമാണ്. അധ്യാപകര്‍ പുതിയ രീതിയിലേക്ക് മാറ്റുന്നു. പഠന രീതി അധ്യാപകരും പഠിക്കുകയാണ്. ഒരു ക്ലാസും അതില്‍ നിന്നുണ്ടാകുന്ന ലൈവ് റിയാക്ഷന്‍സും ഇല്ലാതെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ അധ്യാപകരും ഇത്തരത്തിലൊരു പഠന രീതി പഠിക്കുകയാണ്. പുനസംപ്രേക്ഷണം, യൂട്യൂബ്, ഫെയിസ്ബുക്ക് വഴി വീഡിയോകള്‍ ലഭ്യമാക്കും. ഫോളോ അപ്പും, കുട്ടികളുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: ensure virtual education for all students in Kerala
Published: 01 Jun 2020, 08:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented