തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ കൂടുതൽ കരുത്തോടെ തുടരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇക്കാര്യം സൂചിപ്പിച്ച് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു.
അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണം. ഇതുവരെ നടന്നപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
നേരത്തെ, ഷിരൂരിലെ രക്ഷാദൗത്യം താത്ക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധവുമായി കേരളത്തിലെ ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടത്തിയ ചർച്ചയിൽ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടത്തെ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് എം. വിജിൻ എം.എൽ.എയും അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ, പുഴയിലെ ഒഴുക്ക് കുറയാതെ വന്നതോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlights: Dont stop searching for Arjun, Chief Minister to Siddaramaiah
Published: 28 Jul 2024, 06:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented