പാലക്കാട്: ചൂടില്‍ വലയുമ്പോള്‍ മരങ്ങള്‍ ആശ്വാസമാണെങ്കിലും മഴക്കാലത്ത് മരങ്ങള്‍ അടുത്തവീട്ടിലേക്ക് കടപുഴകിവീണും മരച്ചില്ലകള്‍ പൊട്ടിവീണും അപകടങ്ങളുണ്ടാകുന്നതു പതിവാണ്. പാലക്കാട് നഗരത്തില്‍മാത്രം മരം പൊട്ടിവീണ ഇരുപതോളം കേസുകള്‍ ഒരു മാസത്തിനിടെയുണ്ടായി. മരം വീണതിനെപ്പറ്റി അയല്‍ക്കാര്‍ തമ്മില്‍ വഴക്കാകുന്നതും പോലീസില്‍ കേസാകുന്നതും വിരളമല്ല. വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളോ, ശാഖകളോ മുറിച്ചുമാറ്റി കാലവര്‍ഷത്തിലുണ്ടാകാവുന്ന അപകടസാധ്യത ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്.

To advertise here,

ഈ വിഷയത്തില്‍ ഒട്ടേറെ പരാതികളാണ് തദ്ദേശസ്ഥാപനങ്ങളില്‍ ലഭിക്കുന്നത്. ലഭിക്കുന്ന പരാതികള്‍ക്കുപുറമേ, മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ വീടുകളിലും പി.ഡബ്ല്യു.ഡി.യുടെ നേതൃത്വത്തില്‍ റോഡുവക്കുകളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ 'ട്രീ കമ്മിറ്റി' യോഗങ്ങളും നടന്നുവരുന്നുണ്ട്. സംഭവങ്ങള്‍ അന്വേഷിച്ച് അടിയന്തരപരിഹാരം കാണാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വീഴ്ച വരുത്തിയാല്‍ ചെലവ് വഹിക്കണം

അയല്‍പക്കത്തെ വീടുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ പഞ്ചായത്തിന് നിയമനടപടി സ്വീകരിക്കാം. പരാതി ലഭിച്ചാല്‍ വീട്ടുടമസ്ഥനെതിരേ പഞ്ചായത്ത് സെക്രട്ടറിമാരാണ് നടപടി സ്വീകരിക്കുക. മറ്റൊരാളുടെ വീട്ടിലേക്കോ വഴിയിലേക്കോ മരം വീഴാന്‍ സാധ്യതയുണ്ടെങ്കില്‍ മരം മുറിച്ചുമാറ്റണമെന്ന നിര്‍ദേശം നല്‍കും. 15 ദിവസത്തിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ പഞ്ചായത്തുതന്നെ മരം മുറിക്കും. എന്നാല്‍, ഇതിന്റെ പൂര്‍ണ ചെലവ് വഹിക്കേണ്ടത് വീട്ടുടമസ്ഥനാണ്. മരം വീണുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം സ്ഥല ഉടമസ്ഥര്‍ ഉത്തരവാദിയായിരിക്കുകയും ചെയ്യും. ചെലവാകുന്ന തുക ഏതെങ്കിലും കാരണവശാല്‍ അടയ്ക്കാതിരുന്നാല്‍ റവന്യൂറിക്കവറി നടപടികള്‍ സ്വീകരിക്കും.