
കൊച്ചി: സിപിഐയില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ തര്‍ക്കം രൂക്ഷമാകുന്നു. ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന് എന്നിവരുടെ ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നും നേതാക്കള്‍ പറയുന്നു.
സിപിഐയുടെ സമ്മേളനകാലത്താണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ ശബ്ദരേഖ പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ കഴിഞ്ഞ ദിവസം പരിഹാസത്തോടെയാണ് ബിനോയ് വിശ്വം തള്ളിക്കളഞ്ഞത്. അതൊക്കെ മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പാര്‍ട്ടിക്കുള്ളിലെ ഭിന്നസ്വരങ്ങള്‍ കൂടുതല്‍ വെളിവാക്കുന്ന ശബ്ദരേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണവും നിലവിലുണ്ട്. സമ്മേളനകാലത്ത്, സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു സംഘം, പാര്‍ട്ടി സെക്രട്ടറിക്കെതിരെ തിരിയുന്നു എന്നത് ശ്രദ്ധേയമാണ്. സെക്രട്ടറി സ്ഥാനത്തിരിക്കാനുള്ള കഴിവ് ബിനോയ് വിശ്വത്തിനില്ല എന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്. ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ', എന്നാണ് കെ.എം. ദിനകരന് പറയുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട്,'എക്സിക്യുട്ടീവിലെ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്പര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,' എന്നുമാണ് കമല സദാനന്ദന് മറുപടി പറയുന്നത്.
അതേസമയം, ശബ്ദരേഖയെക്കുറിച്ച് അറിയില്ല എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. സമ്മേളന കാലയളവില്‍ അംഗങ്ങള്‍ അച്ചടക്കലംഘനം നടത്തിയാല്‍ സാധാരണഗതിയില്‍ ആ ഘട്ടത്തില്‍ നടപടി എടുക്കാറില്ല. പുതിയ കമ്മിറ്റി വന്നശേഷമായിരിക്കും ഇവര്‍ക്കെതിരെ നടപടി ഉണ്ടാവുക. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്.
Content Highlights: cpi leaders km dinakaran and kamala sadanandan against binoy viswam audio clip out
Published: 10 Jun 2025, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented